തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയതിൽ ഗവർണർ നിയമപരമായ സാധുത പരിശോധിക്കും. സർക്കാർ അനുമതിയുണ്ടെങ്കിലും കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണം. എന്നാൽ, ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോൾ നടന്ന സംഭവമായതിനാലും നേരത്തേ ഇക്കാര്യങ്ങൾ അന്വേഷിച്ച് കോടതി തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ഗവർണർക്ക് കത്ത് നൽകിയതിനാലും നിയമവശങ്ങൾ തേടിയാവും ഗവർണർ തീരുമാനമെടുക്കുക.
ചെന്നിത്തലയ്‌ക്കെതിരേയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനായി സർക്കാരിന്റെ അനുമതി തേടും. ഇക്കാര്യത്തിനായി വീണ്ടും ഗവർണറുടെ അനുമതിവേണ്ടതില്ല. പിന്നീട് പ്രോസിക്യൂഷൻ നടപടികളിലേക്ക് പോകുമ്പോഴാണ് വീണ്ടും ഗവർണറുടെ അനുമതി ആവശ്യമായി വരുന്നത്. പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും. ഡയറക്ടർ ഇക്കാര്യം സർക്കാരിനെ അറിയിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിയും തേടും.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, മന്ത്രി വി.എസ്. ശിവകുമാർ എന്നിവർക്ക് പണം നൽകിയെന്ന് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയതിലാണ് അന്വേഷണം.