തിരുവല്ല: അപ്പർകുട്ടനാടിനെ ഇളക്കിമറിച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ. തിരുവല്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമായിരുന്നു റോഡ് ഷോ. പരുമലയിൽനിന്ന് തിരുവല്ല നഗരത്തിലേക്കായിരുന്നു പരിപാടി. തിങ്കളാഴ്ച രാവിലെ 10.50-ന് പരുമല കോൺഗ്രസ് ഭവനിൽനിന്ന് തുറന്ന ജീപ്പിൽ സ്ഥാനാർഥി കുഞ്ഞുകോശി പോളിനൊപ്പമായിരുന്നു ഉമ്മൻചാണ്ടിയുടെ യാത്ര. പരുമലയിലെത്തിയ മുൻ മുഖ്യമന്ത്രിയെ നേതാക്കൾ ഹാരമണിയിച്ചു സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറുകൾ റാലിയിൽ നിരന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്‌ഷോ ഗ്രാമീണ വഴിയിലൂടെ മുന്നേറി. റോഡിനിരുവശവും കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി സംഘത്തെ വരവേറ്റു. 12.30-ഓടെ കടപ്രയിലെത്തിയ ഉമ്മൻചാണ്ടി അടൂരിലേക്ക് മടങ്ങി. 20 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് തിരുവല്ല വൈ.എം.സി.എ. കവലയിൽ റോഡ് ഷോ സമാപിച്ചു. ആന്റോ ആന്റണി എം.പി., ജോസഫ് എം.പുതുശേരി, ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജ്, വിക്ടർ ടി.തോമസ്, വർഗീസ് മാമ്മൻ, സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, റെജി തോമസ്, ലാലു തോമസ്, സാം ഈപ്പൻ, സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ, ശിവദാസ് പരുമല, തോമസ് വർഗീസ്, അലക്‌സ് പുത്തൂപ്പള്ളി, റോബിൻ പരുമല, ജേക്കബ് പി.ചെറിയാൻ, ഷിബു പുതുക്കേരി, ശശിധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.