കോട്ടയം: പറയാനുള്ളത്‌ വളച്ചുകെട്ടാതെ കൃത്യമായി പറയുകയെന്നതാണ്‌ പിണറായി ശൈലി. രാഷ്‌ട്രീയപ്രതിയോഗികൾക്കുള്ള മറുപടിയാണെങ്കിൽ അതിന്‌ മൂർച്ച കൂടും. പാലായിലെ പ്രചാരണവേദിയിൽ പിണറായിയുടെ ഒളിയമ്പ്‌ കാപ്പനെതിരേയായിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ്‌ പാലാ ആദ്യമായി ചുവന്നത്‌. എൽ.ഡി.എഫിന്‌ ചരിത്രജയം നേടിക്കൊടുത്ത സ്വന്തം തട്ടകത്തിൽ മാണി സി.കാപ്പൻ ഇത്തവണ വലതുമുന്നണിയിൽ. സി.പി.എമ്മിന്റെ രാഷ്‌ട്രീയ എതിരാളിയായിരുന്ന കെ.എം.മാണിയുടെ മകൻ ജോസ്‌ കെ.മാണി ഇടതുപാളയത്തിലും. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ കാപ്പനായി പ്രചാരണത്തിനെത്തിയ പിണറായി വിജയൻ ഇപ്പോൾ അന്നത്തെ എതിരാളിയായ കേരള കോൺഗ്രസ്‌ എമ്മിനും ജോസ്‌ കെ.മാണിക്കുംവേണ്ടി പ്രചാരണത്തിനെത്തുന്നു. ഒന്നരവർഷംകൊണ്ട്‌ പാലാ രാഷ്‌ട്രീയം മാറിയതിങ്ങനെ.

ഇടതുമുന്നണിയിൽ സീറ്റ്‌ ചർച്ച തുടങ്ങുന്നതിന്‌ മുമ്പുതന്നെ ‘തർക്കഭൂമി’യായിരുന്നു പാലാ. കേരളഡ കോൺഗ്രസ്‌ എം ഇടതുപാളയത്തിലെത്തിയപ്പോൾത്തന്നെ കാപ്പൻ അപകടം തിരിച്ചറിഞ്ഞിരുന്നു. തന്റെ പാർട്ടിയുടെയും നേതാവിന്റെയും പിന്തുണ ലഭിക്കുംമുമ്പേ ‘പാലായിൽ ഞാനുണ്ടാകുമെന്ന്‌’ കാപ്പൻ പ്രഖ്യാപിച്ചു. പാലാ ‘ചങ്കാ’ണെന്നും കാപ്പൻ സൂചന നൽകി. പക്ഷേ, പാർട്ടിയുടെ പിന്തുണ നേടാനാകാതെ മുന്നണി വിടേണ്ടിവന്ന കാപ്പൻ അഭയം തേടിയത്‌ യു.ഡി.എഫ്‌. പാളയത്തിൽ. ഇതോടെ ഇരു കൂട്ടർക്കും അഭിമാനപ്രശ്നമായി പാലാ മാറി.

കാപ്പനെതിരായ നിലപാട്‌ വ്യക്തമാക്കാൻ പാലാതന്നെ പിണറായി തിരഞ്ഞെടുക്കുമെന്ന്‌ ഉറപ്പായിരുന്നു. കാപ്പന്റെ അവസരവാദനിലപാടാണ്‌ പിണറായി ചർച്ചയാക്കിയത്‌. കഴിഞ്ഞ തവണത്തെ ജയം ഇടതുമുന്നണിയുടെ കൂട്ടായ്‌മയുടെ ജയമാണെന്നാണ്‌ പിണറായി ഓർമിപ്പിച്ചത്‌. അതേ സമയം അവസരവാദിയാരാണെന്ന്‌ പാലാക്കാർക്കറിയാമെന്ന്‌ കാപ്പന്റെ മറുപടി. തോറ്റപാർട്ടിക്ക്‌ സീറ്റ്‌ നൽകിയത്‌ മുന്നണിമര്യാദയല്ലെന്നും തനിക്ക്‌ ‌അവസരം നിഷേധിച്ചത്‌ അനീതിയാണെന്നും കാപ്പൻ ആവർത്തിക്കുന്നു.