കോട്ടയം: മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേരള കോൺഗ്രസ് നേതാവ് അഡ്വ. മോൻസ് ജോസഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരായ ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്.

കേരള കോൺഗ്രസ് സ്ഥാപകർ വിഭാവനം ചെയ്ത കർഷകരുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പി.ജെ.ജോസഫിന്റെ നേതൃത്വത്തിലേക്ക് പാർട്ടികളും വ്യക്തികളും ഇനിയുമെത്തുമെന്ന് അഡ്വ. മോൻസ് ജോസഫ്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുണ്ടാകും. ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് എന്നത് പാർട്ടിയെ പിന്തുണയ്ക്കുന്നവർക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനതാ പാർട്ടിയും കേരള കോൺഗ്രസുമായുള്ള ലയനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെകട്ടറി ജോയി എബ്രഹാം ആമുഖ പ്രസംഗം നടത്തി. സജി മഞ്ഞക്കടമ്പിൽ, ഫ്രാൻസിസ് സംക്രാന്തി, ഷനുബ് കോഴിക്കോട്, ജേക്കബ്, ബിനു പൈലിത്താനം, കൃഷ്ണൻ കാരന്തൂർ, ഷിബു ഏറ്റുമാനൂർ, ജേക്കബ് പുത്തറ, ഷൈജു മുഹമ്മ, അംബുജൻ തൊടുപുഴ തുടങ്ങിയവർ പ്രസംഗിച്ചു.