തിരുവല്ല: സംസ്ഥാന നിയമസഭയിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തുനിന്ന തിരുവല്ലയെ പിന്നീട് വലതുപക്ഷ കോട്ടയെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയെങ്കിലും യാഥാർഥ്യം ഇതിനുമപ്പുറത്തായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വലതുമുന്നണികൾക്ക് കൃത്യമായി വോട്ടുനൽകുകയും നിയമസഭയിലേക്ക് ഇടതുപക്ഷത്തെ പലവട്ടം പരിഗണിക്കുകയും ചെയ്ത രാഷ്ട്രീയമനസ്സ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇരുകൂട്ടരെയും ഒരുപോലെ പരിഗണിക്കുന്നതിനൊപ്പം അടുത്തകാലത്തായി ബി.ജെ.പി.ക്കും തിരുവല്ലയുടെ രാഷ്ട്രീയ പൂമുഖം കസേരയിട്ടുകൊടുത്തു. കേരളത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയ ആദ്യ ഗ്രാമപ്പഞ്ചായത്തുകളിലൊന്ന് തിരുവല്ലയിലെ നെടുമ്പ്രമായിരുന്നു.

2011-ന് മുമ്പും ശേഷവും എന്ന രീതിയിലാണ് തിരുവല്ല നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് രംഗം വിഭജിക്കപ്പെടുന്നത്. 2011-ൽ ഇല്ലാതായ കല്ലൂപ്പാറ നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾ തിരുവല്ലയിലേക്ക് കൂട്ടിച്ചേർത്തു. 2006-ൽ വിജയിച്ച ഇടതുമുന്നണിയിലെ മാത്യു ടി.തോമസ് 2011-ലും 2016-ലും വെന്നിക്കൊടി പാറിച്ചു. ഇതിനിടെ നടന്ന മൂന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു തിരുവല്ലയിൽ ഭൂരിപക്ഷം. അതും നിയമസഭയിൽ ഇടതിന് കിട്ടിയതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ.

തിരുവല്ല നഗരസഭ, കുറ്റൂർ, കവിയൂർ, പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, പഴയ കല്ലൂപ്പാറ മണ്ഡലത്തിലെ മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് അസംബ്ലി മണ്ഡലം. അറുപതിനായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നു. അഞ്ച് പഞ്ചായത്തുകൾ വീതം ഇടത്, വലത് മുന്നണികൾ ഭരിക്കുന്നു. കവിയൂരിൽ ബി.ജെ.പി.യും മണ്ഡലത്തിന്റെ തലസ്ഥാനമായ തിരുവല്ല നഗരസഭ വ്യക്തമായ ഭൂരിപക്ഷത്തിലല്ലെങ്കിലും വലതുമുന്നണിയുടെ കൈയിൽ.

മലയോരവും വയലോരവും ചേർന്ന നാട്ടിൽ റബ്ബറും നെല്ലും ചർച്ചാ വിഷയമാണ്. 56 ശതമാനത്തിലധികം ഹിന്ദുവോട്ടുള്ള മണ്ഡലത്തിൽ വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ഇതരവിഭാഗങ്ങളുടെ നിലപാടുകളാണ് നിർണായകമാകുന്നത്. ഇത്തവണ പ്രത്യക്ഷത്തിൽ വിഭാഗീയ അടിയൊഴുക്കുകൾ ദൃശ്യമായിട്ടില്ല.

അഞ്ചും ജയിക്കാൻ മാത്യു ടി.തോമസ്

അടിയന്തരാവസ്ഥക്കാലത്തെ ആവേശത്തിൽ രാഷ്ട്രീയ ജ്വാല നെഞ്ചേറ്റിയാണ് മാത്യു ടി.തോമസ് പ്രവർത്തനം തുടങ്ങുന്നത്. കേരള വിദ്യാർഥി ജനതയിലൂടെ തുടക്കം. പി.സി.തോമസ് എന്ന സിറ്റിങ് എം.എൽ.എ.യെ മുട്ടുകുത്തിച്ചാണ് 1987-ൽ തിരുവല്ലയുടെ ജനപ്രതിനിധിയാകുന്നത്. അന്ന് പ്രായം 26. നിയമസഭയിലെ ബേബി. 1991-ലെ രണ്ടാം അങ്കത്തിൽ മാമ്മൻ മത്തായിയോട് പരാജയം. പിന്നീട് 15 വർഷം തിരഞ്ഞെടുപ്പ് ഗോദയിൽനിന്ന് മാറിനിന്നു. 2006-ൽ വീണ്ടും ജനതാദൾ പ്രതിനിധിയായി വിക്ടർ ടി.തോമസിനെ 8922 വോട്ടിന് പരാജയപ്പെടുത്തി. തുടർന്നിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. 2011-ൽ വീണ്ടും വിക്ടറിനെ 10767 വോട്ടിന് പരാജയപ്പെടുത്തി. 2016-ൽ കരുത്തനായ ജോസഫ് എം.പുതുശ്ശേരിയെ 8262 വോട്ടിന് മുട്ടുകുത്തിച്ചുള്ള തേരോട്ടം തുടരുന്നു. രണ്ട് വട്ടം മന്ത്രിയായി. മണ്ഡലത്തിലാരെയും പരിചയപ്പെടുത്തേണ്ട ആവശ്യം മാത്യു ടി.ക്കില്ല. വികസന മുന്നേറ്റമാണ് മാത്യു ടി.തോമസിന് ചൂണ്ടിക്കാട്ടാനുള്ളത്. ഓരോരുത്തർക്കും സർക്കാരിൽനിന്ന് കിട്ടിയ കരുതൽ ഭൂരിപക്ഷം ഉയർത്തിയുള്ള വിജയത്തിനിടയാക്കുമെന്ന് മാത്യു ടി.തോമസ് പ്രതീക്ഷിക്കുന്നു

കന്നിക്കൊയ്ത്തിന് കുഞ്ഞുകോശി പോൾ

ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ദീർഘനാൾ ജനപ്രതിനിധിയായി ഇരുന്നതിന്റെ കൈമുതലുമായാണ് യു.ഡി.എഫിന്റെ കുഞ്ഞുകോശി പോൾ പോർമുഖത്ത് നിൽക്കുന്നത്. 1990-ൽ ആദ്യ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ വിജയവുമായാണ് കുഞ്ഞുകോശി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. പിന്നീട് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. രാഷ്ട്രീയ ചാഞ്ചാട്ടമില്ലാതെ ജോസഫിനൊപ്പം ഉറച്ചുനിന്നതിന്റെ അഭിമാനം കുഞ്ഞുകോശിയുടെ പ്രചാരണ രംഗത്തുമുണ്ട്. സൗമ്യമായ ചിരിയിലൂടെ വോട്ടുതേടുന്നു. മല്ലപ്പള്ളിയെന്ന മലനാട്ടിൽനിന്ന്‌ അപ്പർകുട്ടനാട്ടിലേക്ക് നീളുന്ന സൗഹൃദബന്ധങ്ങൾ. ഒരുകൈവീശലിൽ വോട്ടുറപ്പിക്കുന്ന ലാളിത്യം. മാറ്റം തിരുവല്ലയുടെ മനസ്സിൽ ഉണ്ടെന്ന് ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ ഓരോ ചുവടുകളും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തോടുള്ള എതിർപ്പ് യു.ഡി.എഫിന്റെ വിജയമായി മാറുമെന്നാണ് കുഞ്ഞുകോശി പോളിന്റെ പ്രതീക്ഷ.

അശോകന് അശേഷമില്ല ശോകം

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരുവല്ലയ്ക്ക് മുന്നിൽ ത്രികോണപ്പോര് ഒരുക്കിയാണ് കടന്നുപോയത്. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് 2016-ൽ എൻ.ഡി.എ.യ്ക്കുവേണ്ടി തിളപ്പിച്ചെടുത്ത മണ്ഡലത്തെ കെ.സുരേന്ദ്രൻ പൊന്നോളം പ്രഭയിൽ തിളക്കി. ഊതിക്കാച്ചിയ പൊന്ന് കനലിൽനിന്ന് വിളയിച്ചെടുക്കാൻ ബി.ജെ.പി. രംഗത്തിറക്കിയത് ജില്ലാ പ്രസിഡന്റിനെത്തന്നെ. നിയമസഭയിലേക്ക് രണ്ടാം അങ്കമാണ് അശോകൻ കുളനടയ്ക്ക്. കഴിഞ്ഞ തവണ ആറന്മുള നിയോജകമണ്ഡലത്തിൽ മത്സരിച്ചു. 2005 മുതൽ 2020 വരെ കുളനട ഗ്രാമപ്പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചതിന്റെ പാരമ്പര്യം. അഞ്ച് വർഷം പഞ്ചായത്ത് പ്രസിഡന്റുമായി. യുവമോർച്ച, കർഷകമോർച്ച തുടങ്ങിയവയിലും നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. 2019-ലേതിനേക്കാൾ പതിനായിരം വോട്ട് അധികം പിടിച്ചാൽ വിജയം ഉറപ്പെന്നാണ് കുളനടയുടെ കണക്കുകൂട്ടൽ. തദ്ദേശ തിരഞ്ഞെടുപ്പിലും മേഖലയിൽ ബി.ജെ.പി. പിന്നിൽ പോയില്ല. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ തിരിച്ചറിഞ്ഞുള്ള വോട്ടർമാരുടെ പ്രതികരണം ആവേശം പകരുന്നതാണ് അശോകൻ കുളനടയുടെ വിജയപ്രതീക്ഷ.

2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില

മാത്യു ടി.തോമസ് (എൽ.ഡി.എഫ്.)-59660

ജോസഫ് എം.പുതുശ്ശേരി (യു.ഡി.എഫ്.)-51398

അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് (എൻ.ഡി.എ.)-31439

ഭൂരിപക്ഷം-8262

2019 പാർലമെന്റ് തിരഞ്ഞെടുപ്പ്

ആന്റോ ആന്റണി (യു.ഡി.എഫ്.)-54250

വീണാ ജോർജ് (എൽ.ഡി.എഫ്.)-50511

കെ.സുരേന്ദ്രൻ (എൻ.ഡി.എ.)-40186

ഭൂരിപക്ഷം-3739 (യു.ഡി.എഫ്.)