തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു മരിച്ച കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിയമിച്ചത് കേസ് അട്ടിമറിക്കാനെന്ന് ആക്ഷേപം. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ സാക്ഷികളാണ്. ശ്രീറാം ആരോഗ്യവകുപ്പിൽ വരുന്നത് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടവരുത്തുമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നു.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ആദ്യം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അദ്ദേഹം കേസിലെ സാക്ഷിയും അദ്ദേഹം രേഖപ്പെടുത്തിയത് നിർണായക രേഖയുമാണ്. ഡോക്ടറുടെ വകുപ്പിൽത്തന്നെ ഉന്നത ഉദ്യോഗസ്ഥനായി ശ്രീറാം എത്തുന്നതോടെ സാക്ഷിക്കുമേൽ സമ്മർദമോ ഭീഷണിയോ സൃഷ്ടിക്കപ്പെടാം. രക്തപരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതിനു തയ്യാറായില്ലെന്ന് മൊഴിനൽകിയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ അടക്കമുള്ളവർക്കും കോടതിയിൽ വിചാരണ നടക്കുമ്പോൾ സമ്മർദമുണ്ടാകാം.

കേസുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളിലും കൃത്രിമം വരുത്തിയേക്കാം. അപകടസമയത്ത് ശ്രീറാം നൂറു കിലോമീറ്ററിലധികം വേഗത്തിലാണ് കാറോടിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. അതിവേഗത്തിൽ വന്ന കാർ ബൈക്കിലും മതിലിലും ഇടിച്ചപ്പോൾ ഡ്രൈവർക്ക് ഉണ്ടാകാനിടയുള്ള പരിക്കുകളാണ് ശ്രീറാമിനുണ്ടായിരുന്നതെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടറും മൊഴിനൽകിയിരുന്നു.

അപകടത്തിൽപ്പെട്ട ബഷീർ ഇടിയുടെ ആഘാതത്തിൽ 24.5 മീറ്റർ തെറിച്ചുപോയതായും കണ്ടെത്തിയിരുന്നു. ഇൗ ശാസ്ത്രീയ പരിശോധനാ ഫലങ്ങളെല്ലാം അട്ടിമറിക്കാനും ആരോഗ്യവകുപ്പിലെ നിയമനം വഴി സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.