കൊച്ചി: കൊറോണ വ്യാപനത്തിന്റെ സാധ്യതകളെപ്പോലും പരമാവധി ചൂഷണം ചെയ്ത് സ്വർണക്കടത്ത് ലോബി. കൊറോണ പടരുന്ന സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പുവന്ന വിമാനങ്ങളിൽനിന്ന് മൂന്നുകിലോയിലധികം അനധികൃത സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ തിരക്കും ആരോഗ്യപരിശോധയിലെ ആശയക്കുഴപ്പവും മറയാക്കിയാണ് കള്ളക്കടത്തുകാരുടെ പ്രവർത്തനം.

മസ്‌കറ്റിൽനിന്ന് അബുദാബിവഴി കരിപ്പൂരിലേക്ക് എത്തിയ വിമാനത്തിലെ യാത്രക്കാരനിൽനിന്ന് ക്യാപ്‌സൂൾ രൂപത്തിൽ ഒളിപ്പിച്ച 1197 ഗ്രാം സ്വർണമിശ്രിതം പിടിച്ചു. കോഴിക്കോട് കല്ലായി സ്വദേശിയായ യാത്രക്കാരന്റെ മലദ്വാരത്തിൽനിന്ന് മൂന്ന് ക്യാപ്‌സ്യൂളുകൾ പുറത്തെടുക്കുകയുമായിരുന്നു. ഒരെണ്ണം ബാഗേജിൽനിന്നും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഇൻസ്പെക്ടറായ രോഹിത് ഖത്രിയാണ് എക്സ്‌റേ പരിശോധനയിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് സൂപ്രണ്ട് ഹാൻസണിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.

ഇതിനുമുമ്പുവന്ന വിമാനങ്ങളിലെ യാത്രക്കാരായ ഏഴുപേരുടെ ഷൂസിനുള്ളിലും സോക്സിലും ഒളിപ്പിച്ച നിലയിൽ ഒന്നരക്കിലോയോളം സ്വർണത്തകിടുകളാണ് പിടിച്ചത്. ഒാരോരുത്തരും ചെറിയ അളവിലാണ് സ്വർണം സൂക്ഷിച്ചത്. ഇവർക്കുപുറമേ മറ്റുവിമാനങ്ങളിലെ വനിതായാത്രികരിൽനിന്ന്‌ വെളിപ്പെടുത്താത്ത സ്വർണം പിടിച്ചു.