തിരുവനന്തപുരം: ജനതാ കർഫ്യൂ ദിനത്തിൽ തിരക്കൊഴിഞ്ഞ പൊതുയിടങ്ങൾ വൃത്തിയാക്കി അണിവിമുക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു അഗ്നിശമന സേന. സംസ്ഥാനത്തെ 126 സ്റ്റേഷനുകളിൽ നിന്നായി 2000 സേനാംഗങ്ങൾ രംഗത്തിറങ്ങി. അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ട ഉദ്യോഗസ്ഥർ മാത്രമാണ് സ്റ്റേഷനുകളിൽ ജോലിക്കുണ്ടായിരുന്നത്.

രാവിലെ ആറുമുതൽ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, നടപ്പാതകൾ തുടങ്ങി പൊതുജനങ്ങൾ കൂടി നിൽക്കാറുള്ള സ്ഥലങ്ങളിലെല്ലാം അണുനാശിനി തളിച്ചു തുടങ്ങി. ബസ് സ്‌റ്റേഷനുകളിലെയും, റെയിൽവേ സ്‌റ്റേഷനുകളിലെയും ഇരിപ്പിടങ്ങൾ, ടിക്കറ്റ് കൗണ്ടറുകളുടെ മുൻവശം, പ്ലാറ്റ്‌ഫോമുകൾ, യാത്രക്കാർക്ക് ക്യൂ പാലിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കമ്പിയഴികൾ, ശൗചാലയങ്ങൾ, സ്റ്റേഷനുകളുടെ പൂമുഖം, മുറ്റം, പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറുകൾ, മാർക്കറ്റുകൾ, ട്രാഫിക് സിഗ്‌നലുകൾ, സീബ്രാ ലൈനുകൾ, ഫുട്പാത്തുകൾ, കാൽനട മേൽപ്പാലങ്ങൾ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അണുനാശിനി തളിച്ച് വൃത്തിയാക്കി. പോലീസ് സ്‌റ്റേഷനുകളിൽ പരാതി സ്വീകരിക്കുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കി. കോറോണ ബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.

കർഫ്യൂദിനം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. അണുനാശിനികൾ ശേഖരിച്ചു. അണുവിമുക്തമാക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പുമായി ചേർന്ന് തയാറാക്കി. ഇതിനാവശ്യമായ അംഗങ്ങളെ പ്രത്യേകം ടീമുകളായി നിയോഗിച്ചു.

സോഡിയം ഹൈപ്പോക്ലോറൈറ്റാണ് വ്യാപകമായി ഉപയോഗിച്ചത്. തീ അണയ്ക്കാൻ ഉപയോഗിക്കുന്ന മിനി വാട്ടർമിസ്റ്റുകളാണ് അണുനാശിനി കലർത്തിയ വെള്ളം തളിക്കാൻ ഉപയോഗിച്ചത്. സേനയുടെ കൈവശമുള്ള 72 വാട്ടർ മിസ്റ്റുകളും, മോട്ടോർ ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുള്ള 82 സ്‌പ്രേ സംവിധാനങ്ങളും രംഗത്തിറക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഗ്നിശമന സേനാമേധാവി എ.ഹേമചന്ദ്രനും, ടെക്‌നിക്കൽ ഡയറക്ടർ ആർ.പ്രസാദും നേതൃത്വം നൽകി.

സിവിൽ ഡിഫൻസിൽപ്പെട്ട സന്നദ്ധ സേവകരും അഗ്നിശമന ഉദ്യോഗസ്ഥരുടെ സഹായത്തിനെത്തി. അഗ്നിശമന സേനയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണി സംവിധാനവും ബോധവത്കരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ ആരോഗ്യസുരക്ഷാ സന്ദേശങ്ങൾ നൽകുന്ന ബോർഡുകളും സ്ഥാപിച്ചു.