കൊല്ലം : മത്സ്യക്കർഷകർക്കുവേണ്ടി വിദേശത്തുനിന്നു കൊണ്ടുവരുന്ന മീൻകുഞ്ഞുങ്ങൾക്കും ക്വാറന്റീൻ വേണം. ഫാമുകളിൽ പ്രത്യേകം തയ്യാറാക്കുന്ന കുളങ്ങളിൽ കുറഞ്ഞത് 12 ദിവസത്തെ ക്വാറന്റീനാണ് ഫിഷറീസ് വകുപ്പ് നിർദേശിക്കുന്നത്. വളർത്തുമീനുകൾക്ക് വൈറസ് രോഗങ്ങൾ പകരുന്ന പശ്ചാത്തലത്തിലാണ് നടപടി. ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയാൽമാത്രം പോരാ, പി.സി.ആർ. പരിശോധനയും നിർബന്ധമാണ്.

ക്വാറന്റീൻ കുളങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മീനുകളുടെ ശൽക്കം, മാംസം തുടങ്ങിയ സാമ്പിളുകൾ ശേഖരിച്ചാണ് പി.സി.ആർ. പരിശോധനയ്ക്ക് അയയ്ക്കേണ്ടത്. സി.എം.എഫ്.ആർ.ഐ., കുഫോസ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ ലാബുകളിൽ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടിയശേഷമേ മത്സ്യവിത്ത് വിൽക്കാവൂയെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യവിത്ത് ഇറക്കുമതി ചെയ്യുന്ന ലൈസൻസിയുടെ ചുമതലയാണിത്.

കേരളത്തിൽ സമീപകാലത്ത് ‘തിലോപ്പിയ ലേക്ക് വൈറസ്’ (ടി.എൽ.വി.) പോലെയുള്ള മത്സ്യരോഗങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞവർഷം ഒട്ടേറെ കർഷകരുടെ മീനുകൾ ഈ രോഗം ബാധിച്ച് ചത്തുപോകുകയും ചെയ്തു. കർഷകരുടെ കുളങ്ങളിൽനിന്ന് പൊതുജലാശയങ്ങളിലേക്ക് വൈറസ് പകരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തിലോപ്പിയ ലേക്ക് വൈറസ് കരിമീനിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുണ്ടായാൽ സ്ഥിതി ഗുരുതരമാകും. കേരളത്തിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത് ‘തിലോപ്പിയ’ കുഞ്ഞുങ്ങളെയാണ്. വിമാനമാർഗവും റോഡുമാർഗവും കൊണ്ടുവരുമ്പോൾ മീനുകൾ ചാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യും. ഈ സമയത്ത് വൈറസ് രോഗങ്ങൾ പിടിപെടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. മത്സ്യവിത്തുനിയമപ്രകാരം അർഹത നേടിയിട്ടില്ലാത്തവരുടെ ഇറക്കുമതി കഴിഞ്ഞദിവസം പൂർണമായും നിരോധിച്ചിരുന്നു.