കൊച്ചി: എഴുപത്തിയഞ്ചു ശതമാനം ഹാജരോടെ എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.), സ്‌കൗട്ട് ആൻഡ് ഗൈഡ് രാഷ്ട്രപതി പുരസ്‌കാർ എന്നിവ ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനസമയത്ത് ബോണസ് പോയന്റ് ലഭിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതതേടിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

പൊതുപരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യംചെയ്തുള്ള ഹർജിയിലാണ് ഹയർ സെക്കൻഡറി പ്രവേശനസമയത്ത് ബോണസ് മാർക്ക് നൽകുമെന്നതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ വിശദീകരണം നൽകിയത്. കെ.എസ്.യു., കോഴിക്കോട് മുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാൻ തുടങ്ങിയവർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

പാഠ്യേതരപ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോൾ പഠിക്കാനുള്ള സമയം നഷ്ടമാകുന്നുണ്ടെന്നതു കണക്കിലെടുത്താണ് ഗ്രേസ് മാർക്ക് നൽകുന്നത്. 2020-21 അക്കാദമികവർഷം ഇത്തരത്തിൽ ക്ലാസ് നഷ്ടപ്പെട്ടിട്ടില്ല. കായികമേള, കലോത്സവം, ശാസ്ത്രമേള എന്നിവയൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നു തീരുമാനിച്ചത്. കുട്ടികളെ ഒന്നായി കണക്കിലെടുത്തേ സർക്കാരിനു തീരുമാനമെടുക്കാനാകൂ.

ഗ്രേസ് മാർക്ക് നൽകാതെയാണ് ഇത്തവണ എസ്.എസ്.എൽ.സി.ക്ക് 99.47 ശതമാനം വിജയം കൈവരിച്ചത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 1,21,318 ആണ്. കഴിഞ്ഞവർഷം ഇത് 41,906 ആയിരുന്നു. ഗ്രേസ് മാർക്കുംകൂടി നൽകിയിട്ടായിരുന്നു ഇത്.

പുതിയരീതിയിൽ ചോദ്യക്കടലാസ് തയ്യാറാക്കിയതിനാൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ലാതെതന്നെ മുഴുവൻ മാർക്കും നേടാനായെന്നും വിശദീകരണത്തിൽ പറയുന്നു.