തിരുവനന്തപുരം: നിലവിലെ പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി തീരാൻ ദിവസങ്ങൾ ശേഷിക്കുമ്പോൾ കൂടുതൽ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ, വനിതാ പോലീസ് ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്‌സ് എന്നിവയ്ക്കുപുറമേ ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരളയും സമരം തുടങ്ങി.

ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരളയുടെ സമരവേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണയുമായെത്തി. ഓരോ ജില്ലയിൽനിന്നും മൂന്നുപേർ വീതമാണ് ദിവസവും പങ്കെടുക്കുന്നത്. വാരാന്ത്യ നിയന്ത്രണമുള്ള ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രതിഷേധം.

2018 ഏപ്രിലിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്നുമാസമെങ്കിലും കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് സമരം. അനുഷ, ജസ്ന, അഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു. ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം ഏഴുദിവസം പിന്നിട്ടു.

വിവിധ ജില്ലകളിൽ എൽ.പി., യു.പി., എച്ച്.എസ്.എ. റാങ്ക് പട്ടികയിലുള്ളവരാണ് സമരം നടത്തുന്നത്. ദിവസവും 20 പേർവീതം സമരത്തിൽ പങ്കെടുക്കും. വനിതാ പോലീസ് ബറ്റാലിയൻ റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം നാലുദിവസം പിന്നിട്ടു.