ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക ജാമ്യം കിട്ടില്ലെന്നു മനസ്സിലാക്കിയതോടെ കോടതിയിൽനിന്ന് മുങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണു പ്രതിയായ സെസി സേവ്യർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്.

തന്റെ അപേക്ഷ വേഗത്തിൽ കേൾക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, വഞ്ചനക്കുറ്റം മാത്രമല്ല കേസിൽ ആൾമാറാട്ടവും ചേർത്തതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിലേക്ക് കേസ് പോയെന്നും ഈ കോടതിക്കു പരിഗണിക്കാനാവില്ലെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ആൾമാറാട്ടം ചുമത്തിയതിനാൽ ജാമ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞപ്രതി ഉടൻ രക്ഷപ്പെട്ടു. കോടതിയുടെ പിന്നിലെ ഗേറ്റുവഴി കാറിൽ കടന്നുകളയുകയായിരുന്നു.

ഐ.പി.സി. 417(വഞ്ചന), 419, 420(ആൾമാറാട്ടം) എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. വഞ്ചനക്കുറ്റം മാത്രമേയുള്ളൂവെന്നു വിചാരിച്ചാണു സെസി എത്തിയതെന്നു പറയുന്നു. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് ഇവർ പ്രാക്ടീസ് ചെയ്തത്. സംഗീതയിൽനിന്ന് പോലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്. ഇതറിയാതെയാണു സെസി കോടതിയിലെത്തിയതെന്നു കരുതുന്നു.

മതിയായ യോഗ്യതയില്ലാതെ രണ്ടരവർഷം സെസി ആലപ്പുഴക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. പരാതി ഉയർന്നതിനെത്തുടർന്നു യോഗ്യതാരേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരേ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

സെസി നൽകിയ എൻറോൾമെന്റ് നമ്പറിൽ ഇങ്ങനെയൊരു പേരുകാരി ബാർ കൗൺസിലിന്റെ പട്ടികയിൽ ഇല്ലെന്നു കണ്ടെത്തി. നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണു പ്രതി കോടതിയിൽ പ്രത്യക്ഷപ്പെട്ടത്. ഇവർ ഡൽഹിയിലാണെന്ന ധാരണയിലായിരുന്നു പോലീസ്.

2018-ലാണ് സെസി ബാർ അസോസിയേഷനിൽ അംഗത്വം നേടിയത്. രണ്ടരവർഷമായി ജില്ലാ കോടതിയിലുൾപ്പെടെ കോടതിനടപടികളിൽ പങ്കെടുക്കുകയും ഇരുപത്തഞ്ചോളം കേസുകളിൽ അഭിഭാഷക കമ്മിഷനായി പോകുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തു നിയമപഠനം നടത്തിയെന്നാണു സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട്, ബെംഗളൂരുവിൽ പഠനം പൂർത്തിയാക്കിയതായും അവകാശപ്പെട്ടു. ഒരു രഹസ്യകത്തിലൂടെ ലഭിച്ച വിവരമനുസരിച്ച് അന്വേഷിച്ചപ്പോഴാണു തട്ടിപ്പ്‌ വെളിപ്പെട്ടത്.

ബാർ അസോസിയേഷൻ യോഗം ഇന്ന്

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച വ്യാജ അഭിഭാഷക രക്ഷപ്പെട്ടത് അഭിഭാഷകർക്കിടയിൽ വിവാദമായി. കോടതിക്കുപോലും ബോധ്യമുള്ള പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുതായിരുന്നെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ വെള്ളിയാഴ്ച 2.30-ന് ബാർ അസോസിയേഷൻ അടിയന്തര പൊതുയോഗം വിളിച്ചിട്ടുണ്ട്.