കൊല്ലം : മാനസികസമ്മർദ്ദം അനുഭവിക്കുന്ന പോലീസുകാർക്ക് കൗൺസലിങ്ങും പിന്തുണയും നൽകാൻ പോലീസ് തുടങ്ങിയ ഹാറ്റ്‌സി(ഹെൽപ്പ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്‌ട്രെസ്)ന്റെ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർധന. ആത്മഹത്യപ്രവണത, അമിതമദ്യപാനം എന്നിവയ്ക്ക് പരിഹാരംതേടിയാണ് ഏറെപ്പേരും ഹാറ്റ്‌സിനെ സമീപിക്കുന്നത്.

2017 ജനുവരി 27-ന് തുടങ്ങിയ സംവിധാനം ഇതുവരെ പ്രയോജനപ്പെടുത്തിയത് അയ്യായിരത്തോളം പേരാണ്. ഇവരിലധികവും പുരുഷൻമാരാണ്. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി.ക്യാമ്പിലാണ് കൗൺസലിങ്ങിന് സൗകര്യമുള്ളത്. പോലീസുകാരും അവരുടെ കുടുംബാംഗങ്ങളും മറ്റുള്ളവരും കൗൺസലിങ് പ്രയോജനപ്പെടുത്തുന്നുണ്ട്.

ജോലിയിലെ സമ്മർദ്ദം, ആത്മഹത്യപ്രവണത, മദ്യപാനം, കുടുംബപ്രശ്നങ്ങൾ, കുട്ടികളുടെ പഠനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം തേടിയെത്തുന്നവരാണ് അധികവും. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയും ചിലരെ കൗൺസലിങ്ങിന് എത്തിക്കുന്നുണ്ട്. തൊഴിൽസാഹചര്യങ്ങൾമൂലം സൗഹൃദങ്ങൾ നിലനിർത്താനാകാത്തതും പ്രശ്നങ്ങൾ സുഹൃത്തുക്കളുമായി പങ്കിടാൻ കഴിയാത്തതും പോലീസുകാരെ സമ്മർദ്ദത്തിലാകുന്നുണ്ട്. ഇത് മദ്യപാനത്തിലും പിന്നീട് ആത്മഹത്യയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും എത്തിക്കുന്നതായും ഹാറ്റ്‌സ് കണ്ടെത്തി.

ജോലിസമയം, അവധിദിവസങ്ങൾ എന്നിവയിൽ വ്യക്തതയില്ലാത്തതിനാൽ കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം ചുരുങ്ങുന്നതും മാനസികസംഘർഷത്തിന് കാരണമാകുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ സമയംകിട്ടാത്തതും ഇതേ പ്രശ്നമുണ്ടാക്കുന്നു. അങ്ങനെയുള്ളവർക്ക്‌ വിദഗ്ധചികിത്സ ആവശ്യമുണ്ടെങ്കിൽ അതുസംബന്ധിച്ച റിപ്പോർട്ട് ഹാറ്റ്‌സ്‌ മേലധികാരികൾക്ക് നൽകും. അടിയന്തരസഹായത്തിനും സൗകര്യമുണ്ടാക്കും.

കൗൺസലിങ്ങിന് രണ്ടുപേരുടെ മുഴുവൻസമയ സേവനം ഹാറ്റ്‌സ് ഉറപ്പാക്കുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ആത്മവിശ്വാസത്തോടെ ജോലിയിൽ തുടരാനുള്ള സാഹചര്യവും ഒരുക്കും. സഹായം തേടിയെത്തുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

വർഷം കൗൺസലിങ്‌ ലഭിച്ചവർ

2017 240

2018 700

2019 930

2020 960

2021 ജൂൺ വരെ 429