തേഞ്ഞിപ്പലം: കോളേജ് വിദ്യാർഥികൾക്ക് കോവിഡുകാലത്തെ ഹാജറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ അക്കാദമിക് കൗൺസിൽ ചേരുമെന്ന് കാലിക്കറ്റ് സർവകലാശാല. ഇന്റേണൽ മാർക്കിന് കോവിഡുകാല ഹാജർ പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നടത്തിയ സമരത്തിലാണ് അധികൃതരുടെ ഉറപ്പ്.

സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ ക്ലാസുകളിൽ യഥാസമയം പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾ നിരവധിയാണ്. ഓൺലൈൻ ക്ലാസ് അടിസ്ഥാനമാക്കിയുള്ള ഹാജർ ഇന്റേണൽമാർക്കിനെ ബാധിക്കുമെന്ന് വിദ്യാർഥികൾ ആശങ്കപ്പെട്ടിരുന്നു. പരീക്ഷ മുടങ്ങിയവർക്ക് വീണ്ടും അവസരം ഒരുക്കുക, കാമ്പസിലെ ഹോസ്റ്റലുകൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്.എഫ്.ഐ. ഉന്നയിച്ചു.

സമരം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ. സക്കീർ ഉദ്ഘാടനംചെയ്തു. ഹരികൃഷ്ണപാൽ അധ്യക്ഷതവഹിച്ചു. എം. സജാദ്, സി.എച്ച്. അമൽ, വൃന്ദരാജ്, കെ. ഷിയാബ് എന്നിവർ പ്രസംഗിച്ചു.

ടാഗോർനികേതനിൽ കൂടുതൽ ചലാൻകൗണ്ടറും ഹെൽപ്പ്‌ ഡെസ്കുകളും ഉൾപ്പെടുത്തും സർവകലാശാലാ കാമ്പസിലെ വനിതാഹോസ്റ്റൽ ഉടൻ തുറക്കും കാലിക്കറ്റിന് കീഴിലെ എൻജിനീയറിങ് വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 15-ന് തുടങ്ങി മേയ് 31-ന് മുമ്പ് അവസാനിപ്പിക്കും അവസാനവർഷ ബി.എഡ്. വിദ്യാർഥികൾക്ക് അമിതപഠനഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനം പുനഃപരിശോധിക്കും തുടങ്ങിയ ഉറപ്പുകളും പ്രോ വൈസ് ചാൻസലറുമായുള്ള ചർച്ചയിൽ ഉറപ്പുനൽകിയതായി സമരനേതാക്കൾ പറഞ്ഞു.