തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതുപരിപാടികളിൽ‍ പങ്കെടുപ്പിക്കുന്നതിനും വിലക്ക്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല നാട്ടാനനിരീക്ഷണസമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ‍ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് ആണ് നിർദേശം നൽകിയത്. എന്നാൽ, ഉത്തരവ് പുനഃപരിശോധിക്കുമെന്ന് ജില്ലാതല നാട്ടാന നിരീക്ഷണസമിതി അറിയിച്ചു.

സമിതിയാണ് ആനയെ എഴുന്നള്ളിക്കുന്ന കാര്യം അന്തിമമായി തീരുമാനിക്കേണ്ടത്. ആനയുടെ ആരോഗ്യവും കാഴ്‌ചശേഷിയും പരിശോധിക്കുന്നതിനായി സമിതി അഞ്ച് ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന് തൃശ്ശൂർ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു കണ്ണിന് കാഴ്‌ചയില്ലെന്നും ആക്രമണസ്വഭാവവും ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്നും അതിനാൽ എഴുന്നള്ളിക്കരുതെന്നുമാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് സുരേന്ദ്രകുമാർ കളക്ടർക്ക് നൽകിയ കത്തിൽ പറയുന്നത്. ആനയുടെ ആക്രമണത്തിൽ പത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കത്തിലുണ്ട്.

പാലക്കാട്ടെ െവറ്ററിനറി സർജൻ ഡോ. എൻ. പൊന്നുമണി നൽകിയ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റിലും പരിശോധനാ സർട്ടിഫിക്കറ്റിലും ഒരു കണ്ണ് പൂർണമായും മറ്റൊരു കണ്ണ് ഭാഗികമായും കാണില്ലെന്ന കാര്യം മറച്ചുവെച്ചുവെന്ന് കത്തിൽ പറയുന്നു. നിരവധി വെറ്ററിനറി ഡോക്ടർമാർ തൃശ്ശൂർ ജില്ലയിലുണ്ടെന്നിരിക്കെ എന്തിനാണ് പാലക്കാട്ടെ ഡോക്ടറെക്കൊണ്ട് ആനയുടെ ആരോഗ്യപരിശോധന നടത്തിയതെന്ന് കത്തിൽ േചാദിക്കുന്നു. ജനങ്ങളുടെ സുരക്ഷയും ആനയുടെ ക്ഷേമവും കണക്കിലെടുത്ത് എഴുന്നള്ളിപ്പിൽനിന്നും പൊതുപരിപാടിയിൽനിന്നും മാറ്റിനിർത്തുന്ന തീരുമാനം കൈക്കൊള്ളണമെന്നും കത്തിൽ പറയുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു കണ്ണിന് കാഴ്‌ചയില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചതിന് തൃശ്ശൂരിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഒാഫീസർ എന്നിവരോട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് സുരേന്ദ്രകുമാർ വിശദീകരണം ആവശ്യപ്പെട്ടു.

ഫെബ്രുവരി അഞ്ചിന് ചേർന്ന നാട്ടാനനിരീക്ഷണസമിതി യോഗത്തിൽ എഴുന്നള്ളിപ്പിനായി വിദഗ്ധസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശത്തിനിടെ രാമചന്ദ്രൻ ഭയന്നോടിയത് രണ്ടുപേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.

തൃശ്ശൂർ പൂരത്തിന് തെക്കേഗോപുരനട തുറക്കുന്നത് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഈ കൊമ്പനാണ്.