പത്തനംതിട്ട: കോൺഗ്രസിൽ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാർക്കുൾപ്പടെ ഏതുനിമിഷവും വിളിവരാം. എ.ഐ.സി.സി. സെക്രട്ടറിമാരാകും വിളിക്കുക. പ്രാദേശികമായി ശ്രദ്ധിക്കാതിരുന്ന സംഘടനാവിഷയങ്ങളേക്കുറിച്ചായിരിക്കും ചോദ്യങ്ങൾ. മുൻപ് ഒരു തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഇല്ലാത്ത രീതികളാണ് എ.ഐ.സി.സി. നേതൃത്വം കേരളത്തിൽ പരീക്ഷിക്കുന്നത്.

രാഹുൽഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ നീക്കങ്ങൾ. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് മധ്യമേഖലയിൽ ഐവാൻ ഡിസൂസയും തെക്കൻ മേഖലയിൽ പി. വിശ്വനാഥനും വടക്കൻ മേഖലയിൽ പി.വി. മോഹനനുമാണ് ചുമതലവഹിക്കുന്ന എ.ഐ.സി.സി. സെക്രട്ടറിമാർ. നേരിട്ട് താഴേത്തട്ടിലെ ഭാരവാഹികളുമായി സംസാരിച്ച് ഒരോ പ്രദേശത്തും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള വിഷയങ്ങൾ മനസ്സിലാക്കി പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നു.

ജില്ലകളിലെ മത, സാമൂഹിക നേതാക്കളുമായി എ.ഐ.സി.സി. സെക്രട്ടറിമാർ നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുന്നുമുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന് സെക്രട്ടറിമാർ പതിവായി റിപ്പോർട്ട് നൽകുന്നുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.