തിരുവനന്തപുരം: ഇടതനുകൂല തരംഗമുണ്ടായില്ലെങ്കിൽ നിലവിലുള്ളതിൽനിന്ന് രണ്ടു സീറ്റ് സി.പി.ഐ.ക്ക് നഷ്ടപ്പെട്ടേക്കുമെന്ന് സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി. ഇടതുമുന്നണിക്ക് തുടർഭരണം കിട്ടും. 80 സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലകളിൽനിന്നുള്ള കണക്ക് വിലയിരുത്തി സി.പി.ഐ. എത്തിച്ചേർന്ന നിഗമനം. ഇടതനുകൂല വികാരം ശക്തമാണെങ്കിൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം വിലയിരുത്തി.

19 എം.എൽ.എ.മാരാണ് നിലവിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്. 2016-ൽ 27 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ 25 മണ്ഡലങ്ങളിലായിരുന്നു മത്സരം. സിറ്റിങ് മണ്ഡലങ്ങളിൽ ചിലതിൽ കടുത്ത മത്സരമാണ് നേരിടേണ്ടിവന്നത്. നാദാപുരം, തൃശ്ശൂർ, പീരുമേട്, മൂവാറ്റുപുഴ, കരുനാഗപ്പള്ളി, പട്ടാമ്പി, നെടുമങ്ങാട് എന്നിവയാണ് മത്സരം കടുത്ത മണ്ഡലങ്ങളിൽ പ്രധാനം. ഇതിൽ, ചില സീറ്റുകൾ നഷ്ടപ്പെട്ടേക്കും. അതേസമയം, തിരൂരങ്ങാടി, മണ്ണാർക്കാട് എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നുമാണ് സി.പി.ഐ. കണക്കാക്കുന്നത്.

തൃശ്ശൂർ, പീരുമേട് മണ്ഡലങ്ങളിൽ വലിയ വിജയപ്രതീക്ഷ സി.പി.ഐ.ക്കില്ല. ജില്ലകളിൽനിന്നുള്ള കണക്കിലും മണ്ഡലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി പിടിക്കുന്ന വോട്ട് ഇടതുമുന്നണിക്ക് നിർണായകമാണ്.

ലീഗിലെ തർക്കമാണ് തിരൂരങ്ങാടിയിൽ വിജയപ്രതീക്ഷയുണ്ടാകാൻ കാരണം. ലീഗ് സ്ഥാനാർഥിക്കെതിരേ അവർക്കിടയിൽനിന്നുതന്നെ പരസ്യപ്രതിഷേധം ഉയർന്ന മണ്ഡലമാണത്. ഇത് മുതലെടുക്കാൻ, പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചാണ് നിയാസ് പുളിക്കകത്തിനെ സി.പി.ഐ. മത്സരിപ്പിച്ചത്. ഇത് ഗുണകരമാകുമെന്നാണ് എക്‌സിക്യുട്ടീവ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരപ്രശ്‌നങ്ങളും പാർട്ടി നടപടികളുമുണ്ടായ ചേർത്തലയിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് ജില്ലയിൽനിന്നുള്ള റിപ്പോർട്ട്. 10,000 വോട്ടിനുമുകളിൽ ഇവിടെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നെടുമങ്ങാട് സിറ്റിങ് എം.എൽ.എ. സി. ദിവാകരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിസ്സഹരണത്തിലായിരുന്നെന്ന പരാതി സ്ഥാനാർഥിയായ ജി.ആർ. അനിൽ തന്നെ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും മണ്ഡലം നഷ്ടപ്പെടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്ക്.

കേരള കോൺഗ്രസിന്റെ വരവ് കോട്ടയത്ത് ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞതവണ രണ്ടുസീറ്റുമാത്രമാണ് എൽ.ഡി.എഫിന് കോട്ടയത്ത് ലഭിച്ചത്. ഇത്തവണ അഞ്ചുസീറ്റുവരെ ലഭിച്ചേക്കും. കടുത്തമത്സരം നേരിടുന്നുണ്ടെങ്കിലും പാലായിൽ നേരിയ ഭൂരിപക്ഷത്തിന് ജോസ് കെ. മാണി ജയിക്കും. കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയുമാണ് ഇടത് വിജയം ഉറപ്പാക്കുന്ന മറ്റു മണ്ഡലങ്ങൾ.