മുണ്ടക്കയം: പെരിയാർ ടൈഗർ റിസർവിലെ പമ്പയടക്കമുള്ള ഡിവിഷനുകളിലെ താത്കാലിക ജീവനക്കാരായ പ്രൊട്ടക്ഷൻ വാച്ചർമാരുടെ ശമ്പളം വെട്ടിക്കുറച്ചതിൽ പ്രധിഷേധം. സംസ്ഥാനത്ത് ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറിലധികം വാച്ചർമാരാണ് ഇത്തരത്തിലുള്ളത്. ഇരുപത്തിയാറ് ദിവസം ജോലിചെയ്യുമ്പോൾ 21,500 രൂപയാണ് ശമ്പളം നൽകിവന്നിരുന്നത്. ഇപ്പോൾ ഫണ്ടിെല്ലന്ന കാരണം പറഞ്ഞ് ശമ്പളം പന്ത്രണ്ട് ദിവസത്തേക്ക് മാത്രമായി ചുരുക്കി. 830 രൂപയാണ് പ്രതിദിന ശന്പളം.

കൊറോണ കാലഘട്ടത്തിൽ ഒരാളുടെപോലും ശമ്പളം കുറയ്ക്കാൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് വകുപ്പിന്റെ നടപടി. ഫണ്ടില്ലെന്ന കാരണത്താൽ ആദ്യമാസം 20 ദിവസത്തെ ശമ്പളം നൽകുകയും, ഏപ്രിൽ മാസത്തിൽ വീണ്ടും കുറച്ച് പന്ത്രണ്ട് ദിവസത്തേക്ക് മാത്രം ആക്കുകയും ചെയ്തു. ഇതോടൊപ്പം 23 ദിവസം ജോലിചെയ്യണമെന്നുമാണ് വകുപ്പ് നിർദേശം. കൂടാതെ 24 മണിക്കൂർ അധിക ജോലിചെയ്യണമെന്നുമാണ് പുതിയ തീരുമാനം. ഒരു മാസത്തിൽ ആകെ ലഭിക്കുന്ന പന്ത്രണ്ട് ദിവസത്തെ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യംമൂലം കടുത്ത പ്രതിസന്ധിയിലാണിവർ. പെരിയാർ ടൈഗർ ഫൗണ്ടേഷന്റെ അനാവശ്യ െചലവും, ധൂർത്തുമാണ് ഫണ്ടില്ലാതാവുന്നതിന്റെ പ്രധാന കാരണമെന്നും, എല്ലാ നവീകരണ പ്രവർത്തനങ്ങളും ധൂർത്തും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കിൽ പ്രൊട്ടക്ഷൻ വാച്ചർമാർക്ക് ശമ്പളം നൽകാം എന്ന രീതി ഉദ്യോഗസ്ഥർ മാറ്റണമെന്നുമാണ് വാച്ചർമാരുടെ പക്ഷം. പ്രൊട്ടക്ഷൻ വാച്ചേഴ്സ് സാലറി എന്നൊരു സ്പെഷ്യൽ ഫണ്ട് രൂപവത്കരിച്ചാൽ പ്രശ്നം പരിഹരിക്കുവാനും കൃത്യമായി ഇവർക്ക് ശമ്പളം ലഭിക്കാൻ ഇടയാകുമെന്നുമാണ് വാച്ചർമാർ പറയുന്നത്. എന്നാൽ തേക്കടിയിൽ ടൂറിസത്തിൽ നിന്നുള്ള വരുമാനം നിലച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നും, ഈ ഫണ്ടിൽനിന്നുമുള്ള തുകയാണ് ശന്പളമായി നൽകിയിരുന്നതെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.