മൂന്നാർ: സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ അയാളുടെ അമ്മയെ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ഹോട്ടൽ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആക്രമിച്ച വീട്ടുകാരനായ യുവാവിനെ പോലീസ് അറസ്റ്റ്‌ ചെയ്തു. മാങ്കുളം ആനക്കുളം പുനകുടി പുത്തൻവീട്ടിൽ എസ്.വിനോദിനെയാണ്‌ (35) മൂന്നാർ പോലീസ് അറസ്റ്റ്‌ ചെയ്തത്. മാങ്കുളം ആനക്കുളത്തെ ഹോട്ടലിൽ ജീവനക്കാരനായ കോട്ടയം ചിങ്ങവനം വാതുക്കാട്ടിൽ ജോയി(65) ആണ് ഗുരുതരമായി മർദനമേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് സംഭവം. ഇരുവരും ചേർന്ന് വിനോദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ജോയി വിനോദിന്റെ അമ്മയെ ചീത്ത വിളിച്ചു. ഇതിൽ പ്രകോപിതനായ വിനോദ് ജോയിയെ മർദിച്ചു. ജോയിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറി. രക്തമൊലിച്ച് അബോധാവസ്ഥയിൽ വിനോദിന്റെ വീട്ടിൽ കിടന്ന ജോയിയെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ജോയിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.