മറയൂർ: കോവിഡ് വാക്സിൻ അപകടമുണ്ടാക്കുമെന്ന തെറ്റായ വാർത്തകൾ കുടികളിൽ പരന്നു. കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവർ കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ മടിക്കുന്നു. രണ്ട് പഞ്ചായത്തുകളിലുമായി ഇരുന്നൂറിൽ താഴെ ഗോത്രവർഗക്കാർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.

45 ആദിവാസിക്കുടികളാണ് ഈ പഞ്ചായത്തുകളിൽ ഉള്ളത്. മുതുവാൻ, മലപ്പുലയ വിഭാഗക്കാരാണ് കൂടുതൽ. മറയൂരിൽ 4226-ഉം കാന്തല്ലൂരിൽ 2980-ഉം ഗോത്രവർഗ വിഭാഗക്കാരുണ്ട്. ഇതിൽ 40 ശതമാനത്തിൽ മുകളിൽ 45 വയസ്സിന് മുകളിലുള്ളവരാണ്. ആരോഗ്യവകുപ്പ്, ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ‌ കുടികളിലെത്തി വാക്സിനേഷനേക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തിയിരുന്നു. എന്നാൽ, അവരുടെ പേടി ഇതുവരെയും അകന്നിട്ടില്ല.

മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് കുത്തിവെയ്പ് എടുക്കുന്നത്. വിദൂരങ്ങളായ കുടികളിൽനിന്ന് ഇവിടേക്ക് എത്താൻ ബുദ്ധിമുട്ടാണ്. അതും വാക്സിനേഷൻ കുറയാൻ കാരണമായി.

വേണ്ടത് ബോധവത്കരണവും സമീപ ക്യാമ്പുകളും

ഗോത്രവർഗ വിഭാഗക്കാരുടെ ആശങ്ക അകറ്റാൻ കഴിയുന്ന രീതിയിലുള്ള ബോധവത്കരണ ക്യാന്പുകൾ‌ സംഘടിപ്പിക്കണം. ഇതോടൊപ്പം കുടികളിൽ വാക്സിനേഷൻ ക്യാമ്പുകളും നടത്തണം.

നടപടി സ്വീകരിക്കും

അഞ്ചുനാട്ടിലെ ഗോത്രവിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്സിൻ കുത്തിവെയ്ക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഗോത്ര സമൂഹത്തെ ബോധവതകരണം നടത്തുന്നതിനും കൂടുതൽ ക്യാമ്പുകൾ സമീപ പ്രദേശങ്ങളിൽ ഒരുക്കുന്നതിനും ആരോഗ്യവകുപ്പുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കും.

കെ.എസ്.ശ്രീരേഖ (ഇടുക്കി ട്രൈബൽ പ്രോജക്ട് ഓഫീസർ).