എടപ്പാൾ: എയ്‌ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികയിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് ഇനി ആദ്യവർഷം മുതൽതന്നെ അവധിക്കാലശമ്പളം ലഭിക്കും. അധികതസ്തികയിൽ നിയമിക്കുന്നവരെ മൂന്നുവർഷം താത്‌കാലിക തസ്തികയായി രേഖപ്പെടുത്തുന്ന സംവിധാനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തതോടെയാണ് വർഷങ്ങളായി നിലനിന്ന അസമത്വത്തിന് അവസാനമാകുന്നത്.

ഇത്തരം ഒഴിവുകളിൽ നിയമിതരാവുന്നവരെ ഇനി ആദ്യവർഷം മുതൽതന്നെ സ്ഥിരം പട്ടികയിലുൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ നിയമനം ലഭിച്ച് എട്ടുമാസമായില്ലെന്ന കാരണത്താൽ സ്ഥിരം തസ്തികയായിട്ടും അവധിക്കാലത്ത് ശമ്പളം ലഭിക്കാതിരുന്ന നൂറുകണക്കിന് അധ്യാപകർക്ക് ആശ്വാസത്തിന് വകയായി. ഒന്നുമുതൽ അഞ്ചുവരെയുള്ള വിദ്യാലയങ്ങളിൽ 30-ഉം, ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ 35-ഉം കുട്ടികൾക്ക് ഒരു അധ്യാപക തസ്തികയെന്നാണ് ഇപ്പോഴത്തെ നിയമം. ഇത് 31, 36 എന്ന രീതികളിലേക്ക് വർധിച്ചാൽ ഒരു അധിക തസ്തികയായി. ഇത്തരം തസ്തികകളിൽ നിയമിക്കുന്നവർക്കാണ് ആദ്യവർഷം എട്ടുമാസ സർവീസാകാത്തതിനാലും തസ്തിക നിർണയ പട്ടികയിൽ സ്ഥിരം തസ്തികയിലുൾപ്പെടുത്താതിനാലും അവധിക്കാലശമ്പളം ലഭിക്കാതിരുന്നിരുന്നത്.

വിദ്യാലയങ്ങൾ തുറന്ന് ആറാം പ്രവൃത്തിദിവസം നടക്കുന്ന തലയെണ്ണലിൽ ലഭിക്കുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് തസ്തികനിർണയം നടത്തുന്നത്. ഇതിന് അംഗീകാരം ലഭിച്ചുവരാൻ ജൂലായ് 15 ആകും. അതിനുശേഷം ആ തസ്തികയിൽ നിയമിക്കുന്ന അധ്യാപകർക്ക് ആവർഷം മാർച്ചിന് മുൻപ് പലപ്പോഴും എട്ടുമാസ സർവീസ് പൂർത്തിയാക്കാനാകില്ല. ഇതായിരുന്നു ആദ്യവർഷം ഇവർക്ക് അവധിക്കാലശമ്പളം ലഭിക്കുന്നതിനുള്ള തടസ്സം. അധികതസ്തിക കെ.ഇ.ആർ. വ്യവസ്ഥകൾക്കനുസരിച്ചുള്ളതായതിനാൽ അവ സ്ഥിരമാണെന്നും അതല്ലാത്ത രീതിയിൽ വേർതിരിക്കേണ്ടതില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. രാജി, വിരമിക്കൽ, മരണം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകളും സ്ഥിരം തസ്തികയായി രേഖപ്പെടുത്തും. അവധി ഒഴിവുകളും നിശ്ചിത കാലയളവിലേക്കുള്ളവയും മാത്രമേ താത്‌കാലികമെന്ന് രേഖപ്പെടുത്താവുയെന്നും പ്രിൻസിപ്പൽ സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി.