തിരുവനന്തപുരം: കോവിഡിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗം കുറ്റപ്പെടുത്തി. എട്ട് ശതമാനംപേർക്ക് മാത്രമേ ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യ സ്വതന്ത്രയായ കാലംമുതൽ നിലവിലിരുന്ന സാർവത്രിക സൗജന്യ വാക്സിനേഷൻ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്സിൻ നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതിൽ യോഗം പ്രതിഷേധിച്ചു.

വാക്സിനുകൾ സൗജന്യമായി നൽകാം എന്ന വാഗ്ദാനം കാറ്റിൽപ്പറത്തി വാക്സിനുകൾ മരുന്നു കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ വിൽക്കാൻ സർക്കാർ അനുവാദം കൊടുത്തിരിക്കുന്നു. കേന്ദ്രത്തിനു 150 രൂപയ്ക്ക് ലഭിക്കുന്ന വാക്സിൻ സംസ്ഥാനസർക്കാർ 400 രൂപയ്ക്ക് വാങ്ങി വിതരണം ചെയ്യാനാണ് കേന്ദ്രനിർദേശം. കേന്ദ്ര സർക്കാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറി സ്വതന്ത്ര കമ്പോളത്തിൽ വാക്സിനെ എറിഞ്ഞുകൊടുക്കുന്നത് ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് യോഗം കുറ്റപ്പെടുത്തി.

എ.കെ. ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, അഡ്വ. കെ. പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.