തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി പി.വി. അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരെ വെള്ളിയാഴ്ച വിജയികളായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം കഴിയുന്നതോടെ ഇവരെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.

ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർഥികൾ മാത്രമുള്ളതിനാൽ വോട്ടെടുപ്പുണ്ടാകില്ല. രാജ്യത്തെ മിക്ക തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രസ്ഥാനാർഥിയായി പത്രിക നൽകുന്ന തമിഴ്‌നാട് സ്വദേശി കെ. പദ്മരാജൻ പത്രിക നൽകിയിരുന്നെങ്കിലും എം.എൽ.എമാരുടെ പിന്തുണയില്ലാത്തതിനാൽ തള്ളി.