തിരുവനന്തപുരം: കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകളുടെ ഭാഗമായി നടക്കേണ്ട പ്രായോഗിക പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷകളാണ് നടക്കാനുള്ളത്.

ഒരേദിവസം വിവിധ ബാച്ചുകളായി കുട്ടികൾ പ്രായോഗിക പരീക്ഷയ്ക്കായി ഒരുമുറിയിൽ എത്തുന്നത് ആരോഗ്യകരമല്ല. പരീക്ഷ നടത്താൻ പറ്റാത്ത സാഹചര്യം വന്നാൽ എഴുത്തുപരീക്ഷ സ്കോറിന് ആനുപാതികമായി പ്രായോഗികപരീക്ഷകളുടെ മാർക്ക് കണക്കാക്കി ഫലംപ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മേയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രൈമറികുട്ടികൾക്കായുള്ള എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾ നീട്ടിവെക്കണമെന്നും പ്രസിഡന്റ് എൻ. ശ്രീകുമാറും ജനറൽസെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ജനറൽ എജ്യുക്കേഷൻ ഡയറക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.