തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ജൂൺ ഒന്നിനാരംഭിച്ച ഫസ്റ്റ്‌ ബെൽ അഞ്ച്, ആറ്‌ ഡിജിറ്റൽ ക്ലാസുകൾ വെള്ളിയാഴ്ച സംപ്രേഷണം പൂർത്തിയാകും. ഏഴും ഒമ്പതും ക്ലാസുകൾ ചൊവ്വാഴ്ചയും മറ്റു ക്ലാസുകൾ ഏപ്രിൽ 30-നും പൂർത്തിയാകും.

പ്ലസ് വണ്ണിൽ മുഴുവൻ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിഷയവിഭാഗമായ ഇക്കണോമിക്‌സും ഹിസ്റ്ററിയും 22-ന് സംപ്രേഷണം പൂർത്തിയായി. അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂർണമാകും. മറ്റ് പ്ലസ് വൺ ക്ലാസുകൾ മേയ് മാസത്തോടെ പൂർത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്ലസ് വൺ ക്ലാസുകൾക്ക് പ്രത്യേക റിവിഷൻ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

ഫസ്റ്റ്‌ ബെൽ ക്ലാസുകളുടെ തുടർച്ചയായി ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ വർഷാന്ത വിലയിരുത്തലിനായി മുഴുവൻ കുട്ടികൾക്കും പഠനമികവു രേഖകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഇവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി സമർപ്പിക്കുന്നതിനനുസരിച്ചാണ് അധ്യാപകർ മൂല്യനിർണയം നടത്തുക. മേയ് 20-നകം വർഷാന്ത വിലയിരുത്തൽ നടത്തി സ്‌കൂളുകൾ പ്രൊമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.

പ്രീപ്രൈമറി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ മേയ് മാസവും തുടരും.