തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 28-ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകൾ മാറ്റണമെന്ന ആവശ്യത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പതിവായുള്ള പ്രാക്ടിക്കലിനുപുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്. പ്രായോഗിക പരീക്ഷയ്ക്ക് പരിമിതസൗകര്യമുള്ള സ്‌കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതയ്ക്ക് കാരണമാകുമെന്നാണ് പരാതി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.