കൊച്ചി: സെൻസസ് ജോലിക്കായി നിയോഗിച്ച അധ്യാപകർക്ക് ആദ്യം അനുവദിച്ച ആനുകൂല്യം തിരികെ നൽകണമെന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അർഹതയിൽ കൂടുതൽ ആനുകൂല്യമാണ് അനുവദിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഇത് തിരികെ നൽകണമെന്നായിരുന്നു ഉത്തരവ്. ഇതാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്. എയ്ഡഡ് സ്കൂൾ അധ്യാപകരായ ചങ്ങനാശ്ശേരി സ്വദേശി മിനി കുര്യൻ, ബിനു സോമൻ തുടങ്ങിയവർ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്.

2010-ൽ സെൻസസ് ജോലിക്കായി നിയോഗിക്കപ്പെട്ടവരായിരുന്നു ഹർജിക്കാർ. 24 ദിവസമായിരുന്നു ജോലി. ഇതിന്റെ അടിസ്ഥാനത്തിൽ 12 ദിവസത്തെ ആർജിത അവധി കണക്കാക്കി ഇതിനുള്ള പ്രതിഫലം 2010-ൽ തന്നെ നൽകി.

എന്നാൽ സെൻസസ് ജോലി 16 ദിവസംകൊണ്ട് പൂർത്തിയാക്കാമായിരുന്നുവെന്നും അതിനാൽ എട്ടുദിവസത്തെ ആർജിത അവധിക്കേ അർഹതയുള്ളൂവെന്നും കാട്ടിയാണ് ആനുകൂല്യം തിരികെ ആവശ്യപ്പെട്ടത്. നാലുദിവസത്തെ അധികതുക പലിശസഹിതം തിരികെ നൽകണമെന്നുമായിരുന്നു ഉത്തരവ്. സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.

എന്നാൽ വർഷങ്ങൾക്ക് മുമ്പ്‌ അനുവദിച്ച തുക ഇപ്പോൾ തിരിച്ചുപിടിക്കാനാകില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തുക തിരികെ പിടിക്കണമെന്ന ഉത്തരവ് സർക്കാർ പിന്നീട് മരവിപ്പിച്ചിരുന്നു. ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചു. തടഞ്ഞുവെച്ച സർവീസ് ആനുകൂല്യങ്ങൾ നാല് മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു.