കൊല്ലം: രാത്രി ഒമ്പതുമണിക്കു ശേഷമാണോ കൊറോണ ആളെപ്പിടിക്കാൻ ഇറങ്ങുന്നത്? ആർക്കും സംശയം തോന്നാം, പകലില്ലാത്ത നിയന്ത്രണംകൊണ്ട് രാത്രി എന്താണ് പ്രയോജനം എന്ന്. എന്നാൽ, രാത്രി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ആരോഗ്യവിദഗ്ധർക്ക് കൃത്യമായ ഉത്തരമുണ്ട്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് കർഫ്യു എന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നു. ഗുരുതരമായ പ്രശ്നം നമുക്കുചുറ്റുമുണ്ടെന്ന സന്ദേശമാണ് കർഫ്യു നൽകുന്നത്. ആദ്യപടിയായി ജനങ്ങൾക്ക് ബുദ്ധിമുട്ടു കുറഞ്ഞ സമയത്ത് നടപ്പാക്കുന്നു എന്നേയുള്ളൂ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ഡൗണിലേക്ക് പോകേണ്ടിവരും. ഈ സന്ദേശം ജനങ്ങൾ ഉൾക്കൊള്ളണം. ഡൽഹിയിലും മറ്റും കർഫ്യുവിനെത്തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവന്നു.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയെന്നതാണ് മറ്റൊരു സന്ദേശം. ജോലിക്കും മറ്റ് ജീവിതമാർഗത്തിനുമായി കൂടുതൽ പേരും പകലാണ് യാത്രചെയ്യുക. രാത്രിയാത്രകളും ഒത്തുചേരലുകളും അത്രതന്നെ അനിവാര്യമല്ല. ഒഴിവാക്കാൻപറ്റാത്ത സാഹചര്യത്തിൽ യാത്രചെയ്യേണ്ടവർക്ക് രാത്രിയും അനുമതിയുണ്ട്.

അടച്ചിട്ട ഹാളുകളിൽ 75 പേരും പുറത്തെ പരിപാടികളിൽ 150 പേരുമൊക്കെയായി പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തുന്നതിനെപ്പറ്റിയും ആക്ഷേപം ഉയരാറുണ്ട്. ഇതിൽ കൂടുതൽവരുന്ന ആളുകൾക്കേ കോവിഡ് ബാധിക്കുകയുള്ളോ എന്നതാണ് ചോദ്യം. രണ്ടുപേർ ഉണ്ടെങ്കിൽത്തന്നെ അപായസാധ്യതയുണ്ടെന്ന് ഡോ. അഷീൽ പറയുന്നു. ആളുകൾ കൂട്ടംചേരുന്ന സാഹചര്യം എത്രയും കുറച്ചാൽ അത്രയും നന്നായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർക്ക് പറയാനുള്ളത്.