കൊച്ചി: കഠുവ ബലാത്സംഗക്കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനെന്ന പേരിൽ നടന്ന പണപ്പിരിവിൽ തിരിമറി നടത്തിയ സംഭവത്തിൽ യൂത്ത് ലീഗ് നേതാവ് സി.കെ. സുബൈറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ചോദ്യംചെയ്തു. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യംചെയ്യൽ.

വിദേശത്തുനിന്നും പണമെത്തിയത് നേതാക്കൾ വകമാറ്റിയെന്നാണ് ഇ.ഡി. സംശയിക്കുന്നത്. കള്ളപ്പണ നിരോധന നിയമവും വിദേശനാണ്യ വിനിമയചട്ടവും ലംഘിക്കപ്പെട്ടോ എന്നാണ് പരിശോധിക്കുന്നത്.

സുബൈറിൽനിന്നടക്കം വിശദമായ വിവരങ്ങൾ ലഭ്യമായശേഷമേ ഇ.ഡി. കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ. ആരോപണങ്ങൾ സുബൈർ നിഷേധിച്ചു. നേരത്തേ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ പിതാവിന് കോവിഡ് ആണെന്ന കാരണത്താൽ ഹാജരായിരുന്നില്ല.