ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരേ അമ്പലപ്പുഴയിലെ വിവിധസ്ഥലങ്ങളിൽ പോസ്റ്റർ. അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തെ മതിൽ, പുന്നപ്ര സമരഭൂമിയിലേക്കുള്ള വഴി, റെയിൽവേ ഗേറ്റ് പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ പോസ്റ്റർ കണ്ടത്. പാർട്ടിപ്രവർത്തകർ അവ നീക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു സംസാരിച്ചുവെന്നാരോപിച്ച് മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ അദ്ദേഹത്തിനെതിരേ പോലീസിൽ പരാതി നൽകിയ പശ്ചാത്തലത്തിലാണ് പോസ്റ്റർ വന്നത്. മന്ത്രി സുധാകരനെതിരേ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സംശയത്തിലാണ് ജില്ലാ നേതൃത്വം.

സുധാകരനെ പിന്തുണച്ച് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റി

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ പേരിൽ സുധാകരനെതിരേ വാളോങ്ങുന്നവർ ഇടതുമുന്നണിയെ തകർക്കാൻ അച്ചാരംവാങ്ങിയവരാണെന്ന് അമ്പലപ്പുഴ മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി. മോഹൻദാസും കൺവീനർ ഇ.കെ. ജയനും ആരോപിച്ചു.