കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ സി.ബി.ഐ. മൂന്നുമാസത്തോളം വൈകി. വിമാനത്താവളത്തിൽ റെയ്ഡ് നടന്നതിന്റെ 98-ാം ദിവസമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേരളത്തിൽ സി.ബി.ഐ.ക്ക് കേസെടുക്കാൻ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നതാണ് വിനയായത്. ഇതോടെ തെളിവുകളിൽ വലിയൊരു ശതമാനവും നശിപ്പിക്കാൻ പ്രതികൾക്ക് സാവകാശം ലഭിച്ചതായി അന്വേഷണസംഘം കരുതുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കണ്ടെത്തുന്നത് ഇനി അന്വേഷണസംഘത്തിന് ശ്രമകരമായിത്തീരും.

സംസ്ഥാനത്ത് കേസെടുക്കാൻ സി.ബി.ഐ.ക്ക് നൽകിയിരുന്ന പൊതുസമ്മതി കേരളം നവംബർ നാലിന് പിൻവിലിച്ചിരുന്നു. സ്വർണക്കടത്ത്-ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കരിപ്പൂർ കേസിനെയാണ് ഇത് ആദ്യമായി ബാധിച്ചത്. കുറ്റകൃത്യത്തിൽ പങ്കുള്ളതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ ഉടൻതന്നെ കേസെടുക്കാനായില്ല.

സംസ്ഥാനസർക്കാരിന്റെ അനുമതിതേടി സി.ബി.ഐ. കത്തുനൽകിയെങ്കിലും മാർച്ച് ഒമ്പതിനാണ് അനുമതിലഭിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ നീണ്ടതോടെ കേസിൽ സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് ബുധനാഴ്ച മാത്രമാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എം. ജോസ്, ഗണപതി പോറ്റി, സത്യമേന്ദ്രസിങ്, എസ്. ആശ, ഇൻസ്പെക്ടർമാരായ യാസർ അരാഫത്ത്, നരേഷ്, സുധീർ, സഞ്ജീവ് കുമാർ, രമേന്ദ്രസിങ്, യോഗേഷ്, വി.സി. മിനിമോൾ, ഹെഡ് ഹവിൽദാർ സി. അശോകൻ, ഹവിൽദാർ ഫ്രാൻസിസ്, സബ് സ്റ്റാഫ് മണി എന്നിവർക്കെതിരേയാണ് കേസ്. ഇവരുടെ വീടുകളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിൽ മൂന്നുലക്ഷം രൂപയും ചില രേഖകളും സി.ബി.ഐ. കണ്ടെടുത്തിട്ടുണ്ട്.