തിരുവനന്തപുരം: ചാരക്കേസുണ്ടായതോടെ ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാകുന്നത് വൈകിയെന്ന നമ്പി നാരായണന്റെ അവകാശവാദം തള്ളി മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം. നമ്പി നാരായണൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻററിൽ (എൽ.പി.എസ്.സി.) ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ അവിടെ ഡയറക്ടറായിരുന്നു മുത്തുനായകം.

ക്രയോജനിക്കിന്റെ കാര്യത്തിൽ നമ്പി നാരായണന് ചെറിയ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 90 ശതമാനം സമയവും അദ്ദേഹം എന്നെ സഹായിക്കുകയായിരുന്നു. മുത്തുനായകം വ്യക്തമാക്കി. അന്നത്തെ ചെയർമാൻ കെ. കസ്തൂരിരംഗന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ അസ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാരവൃത്തി നടന്നുവെന്ന് കരുതുന്നില്ലെന്നും എൽ.പി.എസ്.സി.യിൽ അന്ന് ഇതുസംബന്ധിച്ച് ആഭ്യന്തര പരിശോധന നടത്തിയിരുന്നുവെന്നും മുത്തുനായകം പറഞ്ഞു. പിന്നീട് കാര്യങ്ങളൊക്കെ ഐ.എസ്.ആർ.ഒ. ആസ്ഥാനം നേരിട്ടാണ് കൈകാര്യംചെയ്തത്. എൽ.പി.എസ്.സി. ഡയറക്ടറായിരുന്ന തന്നെ മാറ്റിനിർത്തിയാണ് കാര്യങ്ങൾ നടത്തിയത്. ജോയന്റ് സെക്രട്ടറി, എൽ.പി.എസ്.സി. കൺട്രോളർ എന്നിവരായിരുന്നു കേരള പോലീസുമായി ആശയവിനിമയം നടത്തിയത്. ഡയറക്ടറായ തന്നോട് ഒരു വിശദീകരണംപോലും ചോദിച്ചിരുന്നില്ല. അസ്വാഭാവിക നടപടിയായിരുന്നു ചെയർമാന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്. വകുപ്പുതല അന്വേഷണത്തിന് ഒരു ഘട്ടത്തിൽ പോലും നടപടിയുണ്ടായില്ല. ഇതിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് അറിയില്ല. നമ്മുടെ കൈവശം ഇല്ലാതിരുന്ന ഒരു സാങ്കേതികത മറ്റുള്ളവർക്ക് എങ്ങനെ കൊടുക്കാനാകും. രേഖകളും ചിത്രങ്ങളുമൊക്കെ കൈമാറാം. എന്നാൽ, അതൊന്നും മതിയാകില്ലെന്നും മുത്തുനായകം പറഞ്ഞു.

തന്നെ മറികടന്ന് ചെയർമാനായ ആളാണ് കസ്തൂരിരംഗൻ. അദ്ദേഹം ഉൾപ്പടെയുള്ളവർക്ക് തന്നോട് ശത്രുതയുണ്ടായിരുന്നെന്നും മുത്തുനായകം പറഞ്ഞു. തന്റെ രണ്ടാമത്തെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് അവധിയെടുത്തസമയത്ത് ജി. മാധവൻ നായരെ എൽ.പി.എസ്.സി.യിൽ ഡയറക്ടറാക്കി. ചാരക്കേസിനെപ്പറ്റി ഒരുകാര്യവും തന്നോട് ചർച്ച ചെയ്യാതെ മാറ്റിനിർത്തിയത് അസാധാരണമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

നമ്പി നാരായണൻ ഇല്ലാതിരുന്നതുകൊണ്ട് ക്രയോജനിക് വിദ്യ വർഷങ്ങൾ വൈകിയെന്ന വാദം ശരിയല്ല. അന്ന് ഉണ്ടായിരുന്നവർ അവരുടെ ഏറ്റവും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ‘വികാസ്’ എൻജിന്റെ പിതാവും അത് നിർമിച്ചതും നമ്പി നാരായണൻ ആണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല. വികാസ് എന്ന് പേരിട്ടത് താനാണെന്ന് നമ്പി നാരായണൻ പറയുന്നത് ശരിയല്ല. ടി.എൻ. ശേഷനാണ് വികാസ് എന്ന് പേരിട്ടത്. ഞാൻ വലിയ ആളാണ്, പലതും ചെയ്യാൻ പറ്റുമായിരുന്നു എന്നൊക്കെ പറയാം. പക്ഷേ, അത്തരം അവകാശവാദത്തെ അംഗീകരിക്കുന്നില്ലെന്നും ഡോ. എ.ഇ. മുത്തുനായകം പറഞ്ഞു.