കണ്ണൂർ : തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപ്പാത പദ്ധതിക്ക് ആദ്യഘട്ട വായ്പയായി മൂവായിരം കോടി രൂപ ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഹഡ്‌കോ) അനുവദിച്ചു. കൊച്ചുവേളിമുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അപേക്ഷ പ്രകാരമാണിത്. എട്ടുശതമാനം വാർഷിക പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്.

മുതലും പലിശയും വാർഷിക ഗഡുക്കളായി അടയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ ഗാരന്റി വേണം. സംസ്ഥാന ബജറ്റിൽ അതിനുള്ള നീക്കിയിരിപ്പുണ്ടാകണം. പദ്ധതിക്ക് റെയിൽവേമന്ത്രാലയം നൽകിയ അംഗീകാരപത്രം, സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം എന്നിവ സമർപ്പിച്ച് നാലുമാസത്തിനകം വായ്പാ നടപടികൾ പൂർത്തിയാക്കണമെന്നും സമയപരിധി നീട്ടണമെങ്കിൽ മതിയായ കാരണം അറിയിക്കണമെന്നുമാണ് ഹഡ്‌കോ നിർദേശം.

കൊച്ചുവേളിമുതൽ ചെങ്ങന്നൂർവരെ 320 ഹെക്ടർ ഭൂമിയാണ് പാതയ്ക്ക് ഏറ്റെടുക്കേണ്ടത്. ഇതിന് 3750 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 3000 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.