തിരുവനന്തപുരം: കോവിഡ് പ്രതിരോധമരുന്ന് സ്വീകരിക്കുന്നവരിൽ വീണ്ടും രോഗം വരുന്നതും ഗുരുതരമാകുന്നതും ചെറിയൊരു വിഭാഗത്തിനു മാത്രമെന്ന് വിലയിരുത്തൽ. കഴിഞ്ഞദിവസംവരെ സംസ്ഥാനത്ത് 63,46,674 പേർക്കാണ് പ്രതിരോധമരുന്ന് നൽകിയത്. 55,09,634 പേർ ആദ്യഡോസും 8,37,040 പേർ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.

ഐ.സി.എം.ആറിന്റെ ചൊവ്വാഴ്ചവരെയുള്ള വിലയിരുത്തലനുസരിച്ച് രാജ്യത്ത് കോവാക്സിന്റെ ആദ്യഡോസ് സ്വീകരിച്ച 93,56,436 പേരിൽ 4208 പേർക്ക് (0.04 ശതമാനം) മാത്രമാണ് പിന്നീട് രോഗം പിടിപെട്ടത്. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരിൽ 695 പേർക്കുമാത്രമാണ് (0.04 ശതമാനം) പിന്നീട് രോഗം പിടിപെട്ടത്. കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച 10,03,02,745 പേരിൽ 17,145 പേർക്ക് (0.02 ശതമാനം) പിന്നീട് രോഗം പിടിപെട്ടു. രണ്ടാം ഡോസ് സ്വീകരിച്ച 1,57,32,754 പേരിൽ 5014 (0.03 ശതമാനം) പേർക്ക് മാത്രമാണ് രോഗം പിടിപെട്ടതെന്നും ഐ.സി.എം.ആർ. വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ രോഗികളുമായി അടുത്തിടപഴകുന്നവരും പ്രതിരോധ പ്രവർത്തനരംഗത്തുള്ളവരുമായ ആരോഗ്യപ്രവർത്തകരിലേക്കും രോഗം പകരുന്നുണ്ട്. സ്വകാര്യ മേഖലയിലടക്കമുള്ള ആരോഗ്യപ്രവർത്തകരിൽ ഒരുവിഭാഗം ഇനിയും വാക്‌സിൻ സ്വീകരിക്കാനുണ്ട്. കേരളത്തിൽ ഇതുവരെ 4,96,688 ആരോഗ്യപ്രവർത്തകർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ബുധനാഴ്ചവരെ 3,44,391 പേർക്ക് രണ്ടാം ഡോസും നൽകാനായിട്ടുണ്ട്.

മുഴുവൻ പേർക്കും ഉടൻ വാക്സിൻ നൽകി പ്രതിസന്ധിയുണ്ടാകാതെ നോക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്.