തിരുവനന്തപുരം: റേഡിയന്റ് സോളാർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും റീജൻ പവർ ഓസ്‌ട്രേലിയയുടെ ചെയർമാനുമായ കോഴിക്കോട് ചെമ്മൻകോട്ട് വീട്ടിൽ പ്രൊഫ. കെം നായർ(ചെമ്മൻകോട്ട് വേലായുധൻ നായർ-75) ഓസ്‌ട്രേലിയയിലെ പെർത്തിൽ അന്തരിച്ചു.

പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് ബിരുദവും ഖരഗ്‌പുർ ഐ.ഐ.ടി.യിൽനിന്ന് എം.ടെക്കും നേടിയ കെം നായർ, ഓസ്‌ട്രേലിയയിലെ കെർട്ടിൻ യൂണിവേഴ്‌സിറ്റിയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി. വിരമിച്ച ശേഷം എമിരറ്റസ് പ്രൊഫസറായി തുടരുകയായിരുന്നു.

ഓസ്‌ട്രേലിയൻ കമ്മിറ്റി ഫോർ പവർ എൻജിനീയറിങ്ങിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ്, സസ്റ്റൈനബിൾ എനർജി ഇൻഡസ്ട്രി അസോസിയേഷന്റെ അംബാസഡർ അവാർഡ്, ഓസ്‌ട്രേലിയ ഇന്ത്യ ഫെല്ലോഷിപ്പ് തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സോളാർ എനർജി, വിൻഡ് എനർജി എന്നിവയിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: അംബികാ നായർ. മക്കൾ: സുജിത്ത് നായർ, ലക്ഷ്മി നായർ.