കോട്ടയം: മുഹമ്മദ് അസ്‌ലമിന് പരിമിതികളെ അതിജീവിച്ച് കുതിക്കാൻ സഹായമാകേണ്ടിയിരുന്നത് ആ സാക്ഷ്യപത്രങ്ങളാണ്. 20 വർഷം കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയ എല്ലാ സാക്ഷ്യപത്രങ്ങളും പ്രളയത്തിൽ കുതിർന്നു. കാഴ്ചപരിമിതിയുള്ള മണിമല മുണ്ടപ്ലാക്കൽ മുഹമ്മദ് അസ്‌ലമിന് മുന്നോട്ടുപോകണമെങ്കിൽ ഇനി അധികാരികൾ കനിയണം. ശനിയാഴ്ച രാത്രി വീട് മുക്കി മണിമലയാർ ഉയർന്നതോടെ, കാത്തുസൂക്ഷിച്ചിരുന്ന എല്ലാ സർട്ടിഫിക്കറ്റുകളും കുതിർന്നുപോയി. ഏറെ പ്രയാസപ്പെട്ട് ഇഷ്ടത്തോടെ വാങ്ങിയ ലാപ്ടോപ്പും നശിച്ചു. സർക്കാർജോലിക്ക് ഒരുങ്ങാൻ വാങ്ങിവെച്ച പുസ്തകങ്ങൾ പുഴ കൊണ്ടുപോയി. ഇനിയെന്ത് എന്ന ചോദ്യം ബാക്കി.

വെയിൽ തെളിഞ്ഞപ്പോൾമുതൽ തന്റെ കുതിർന്ന സർട്ടിഫിക്കറ്റുകളുമായി മുറ്റത്താണ് ഇൗ വിദ്യാർഥി. 10 ശതമാനം മാത്രമാണ് കാഴ്ചശേഷി. കോവിഡ് കാലത്തും അധ്യാപകരുടെ സഹായത്താൽ ഒാഡിയോ ക്ലാസുകളിലൂടെ പഠിച്ചു. സഹായിയുടെ കൂട്ടിൽ പരീക്ഷ എഴുതി.

ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽനിന്ന് ചരിത്രത്തിൽ ഉയർന്ന ഗ്രേഡിൽ എം.എ. ജയിച്ചു. ബിരുദവും പ്ലസ്ടുവും എസ്.എസ്.എൽ.സി.യുമെല്ലാം മികച്ച മാർക്കോടെയാണ് പാസായത്. വീട്ടുസാധനങ്ങളും ഉപജീവനമാർഗമായ പലചരക്കുകടയും നശിച്ചതിനേക്കാൾ, മാതാപിതാക്കളായ ടി.എച്ച്. രാജനേയും ഫാത്തിമയേയും സങ്കടപ്പെടുത്തുന്നത് മകന്റെ സർട്ടിഫിക്കറ്റുകൾ പോയതാണ്.