കണ്ണൂർ: കേരളത്തിൽ തുലാവർഷം തുടങ്ങുന്നതിന് മുൻപുതന്നെ തുലാവർഷക്കണക്കിൽ ലഭിക്കേണ്ട 98.5 ശതമാനം മഴയും പെയ്തു. അതായത്, തുലാവർഷത്തിലെ മൂന്നുമാസം കിട്ടേണ്ട മഴയാണ് കഴിഞ്ഞ 21 ദിവസത്തിനകം പെയ്തുതീർന്നത്. അഞ്ച് ജില്ലകളിൽ തുലാവർഷത്തിൽ കിട്ടേണ്ട മഴയിൽ കൂടുതലും ലഭിച്ചു. ഇത്തവണ 26 മുതലാണ് കേരളത്തിൽ തുലാവർഷം തുടങ്ങുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരേയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴ 491.6 മില്ലിമീറ്റർ ആണ്. എന്നാൽ, ഒക്ടോബർ ഒന്നുമുതൽ 21 വരെ കേരളത്തിൽ ലഭിച്ചത് 484.3 മില്ലിമീറ്റർ മഴയാണ്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ തുലാവർഷസീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു.

കാസർകോട് ജില്ലയിൽ ഒക്ടോബർ 13-നുതന്നെ സീസണിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണ് പെയ്തുതീർന്നത്. 344 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത്‌ ഇതുവരെ 447 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഒക്ടോബർ 21 വരെ 484 മില്ലിമീറ്റർ മഴയാണ് പെയ്തത്. കോഴിക്കോട് 450 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 568 മില്ലിമീറ്റർ ലഭിച്ചു. പാലക്കാട് 403 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 462 മില്ലിമീറ്ററും പത്തനംതിട്ടയിൽ 603 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 663 മില്ലിമീറ്റർ മഴയും ലഭിച്ചു.

ഇടുക്കിജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 99.8 ശതമാനം ലഭിച്ചപ്പോൾ മലപ്പുറം-96.8, എറണാകുളം-94.8, തൃശ്ശൂർ-91.9 ശതമാനം മഴയാണ് കിട്ടിയത്. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നേരത്തേ സൂചന നൽകിയിരുന്നു. ഒക്ടോബർ 26-ന് മാത്രമേ കേരളത്തിൽനിന്ന് കാലവർഷം പൂർണമായും പിൻവാങ്ങുകയുള്ളൂ. അതേദിവസംതന്നെ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. തെക്കൻ തമിഴ്‌നാട് തീരത്തിനുസമീപം രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത രണ്ടുദിവസങ്ങളിൽ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ ഇരിക്കുളം പറഞ്ഞു. ഇതിന്റെ സ്വാധീനത്തിൽ 24വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ മുതൽ ഡിസംബർവരെ നീളുന്ന തുലാവർഷ കാലയളവിൽ ഇത്തവണ കൂടുതൽ ന്യുനമർദങ്ങളോ ചുഴലിക്കാറ്റുകളോ പ്രതീക്ഷിക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.