പത്തനംതിട്ട: ശബരിമലയിൽ തുലാമാസപൂജയ്ക്ക് തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയതോടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് വലിയ നഷ്ടം. മൂന്നുകോടിക്ക് മുകളിൽ നടവരവ് പ്രതീക്ഷിച്ചിടത്ത് ആറ് ലക്ഷം രൂപ മാത്രമേ ബോർഡിന് ലഭിച്ചുള്ളൂ.

ഓൺലൈനായി മാത്രം ലഭിച്ചതാണിത്. വിവിധ വഴിപാടുകളും അന്നദാന സംഭാവനകളുമെല്ലാം ഇതിൽ ഉൾപ്പെടും. നട തുറന്നിരുന്ന അഞ്ച് ദിവസത്തേക്ക് 80,000 പേർക്കാണ് ദർശനത്തിന് സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച് രണ്ടാഴ്ച മുന്നേ ആരംഭിച്ച വെർച്വൽ ക്യൂവിൽ 64 ശതമാനത്തോളം ബുക്കിങ്ങും പൂർത്തിയായിരുന്നു. 51,580 പേരാണ് ബുക്ക് ചെയ്തത്. എന്നാൽ പെട്ടെന്നുണ്ടായ മഴക്കെടുതികാരണം തീർഥാടകർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.

ലക്ഷങ്ങൾ മുടക്കി മണ്ഡലകാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങളെല്ലാം വെള്ളത്തിലായി. ബുക്കിങ് അറുപത് ശതമാനം കടന്നപ്പോൾ കൂടുതൽ വേണ്ടിവരുമെന്ന് കരുതി അപ്പവും അരവണയും മറ്റും അധികമായി ഉണ്ടാക്കിയിരുന്നു. ഇതെല്ലാം ഇനി സീസൺ സമയത്ത് മാത്രമേ നൽകാൻ കഴിയൂ. അത്രയും നാൾ കേടുകൂടാതെ ഇരിക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെല്ലാം വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കുള്ള സംവിധാനങ്ങളും അധികമായി ക്രമീകരിച്ചിരുന്നു. ജനറേറ്ററിനും, അരവണ പ്ലാന്റിനുമുള്ള ഇന്ധനത്തിനും വലിയതുക ചെലവായി.

വ്യാപാരികൾക്കും നഷ്ടം

തീർഥാടകരെ വിലക്കിയത് വ്യാപാരികൾക്കും തിരിച്ചടിയായി. തീർഥാടകരുടെ എണ്ണം ഉയർത്തിയ സാഹചര്യത്തിൽ കൂടുതൽപേർ എത്തുമെന്ന് കരുതി പമ്പയിലെയും സന്നിധാനത്തെയും ഒട്ടുമിക്ക കടകളും തുറന്നിരുന്നു. പലചരക്ക് സാധനങ്ങൾ, ഗ്യാസ്, തുടങ്ങിയവയെല്ലാം വാങ്ങി ട്രാക്ടറിലാണ് വ്യാപാരികൾ സന്നിധാനത്ത് എത്തിച്ചത്. ജോലിക്കാരെയും കൊണ്ടുവന്നിരുന്നു. സാധനങ്ങൾ തിരിച്ചുകൊണ്ടുപാകാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് ഇവർ പറഞ്ഞു. ഇനി ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസത്തേക്കായി തീർഥാടകർക്ക് പ്രവേശനം നൽകുന്നുണ്ടെങ്കിലും എത്തുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.