കണ്ണൂർ: ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരിൽ നടക്കും. ചേംബർ ഹാളിൽ ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി.ജയരാമൻ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഡോ. രമേശ് കുമാർ മുഖ്യാതിഥിയാകും.

സംസ്ഥാനസമ്മേളനത്തിൽ 50 പ്രതിനിധികൾ നേരിട്ടും അഞ്ഞൂറോളം പ്രതിനിധികൾ ഓൺലൈനായും പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ വിവിധ സാംക്രമികരോഗങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആറ് ഗവേഷണപ്രബന്ധങ്ങൾ വിദഗ്ധർ അവതരിപ്പിക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരും സാംക്രമികരോഗ സ്പെഷ്യലിസ്റ്റുകളും സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

കണ്ണൂരിൽ നടന്ന സംഘാടകസമിതി യോഗത്തിൽ ഡോ. പദ്‌മനാഭ ഷേണായ് അധ്യക്ഷതവഹിച്ചു. ഡോ. എം.കെ.നന്ദകുമാർ, ഡോ. അജിത് സുഭാഷ്, ഡോ. ഇർഷാദ്, ഡോ. അജിത് മേനോൻ, ഡോ. മൃദുല ശങ്കർ, ഡോ. സുൽഫിക്കർ അലി, ഡോ. കെ.സി.രാജീവൻ, ഡോ. അഷ്റഫ്, ഡോ. സുബ്രഹ്മണ്യം, ഡോ. കെ.ടി.ബാലചന്ദ്രൻ, ഡോ. പ്രശാന്ത്, ഡോ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.