കൊല്ലം : നിയമംകൊണ്ട് നോക്കുകൂലി തടയാനാകാത്തതിനാലും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതിനാലും സർക്കാർ നോക്കുകൂലിക്കെതിരായ പ്രചാരണം ശക്തമാക്കുന്നു. തൊഴിൽവകുപ്പും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡും ചേർന്നാണ് എല്ലാ ജില്ലകളിലും കൊച്ചിൻ പോർട്ട് ട്രസ്റ്റ് മേഖലയിലും ബോധവത്കരണം നടത്തുന്നത്.

നോക്കുകൂലിയെന്ന വാക്കുപോലും കേൾക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞദിവസമാണ്. 2018 മേയ് ഒന്നുമുതൽ കേരളം നോക്കുകൂലിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും അനുദിനം ഇതുസംബന്ധിച്ച പരാതികൾ ഉയരുകയാണ്. തെക്കൻ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽനിന്നാണ് പരാതികളേറെയുമുണ്ടാകുന്നത്. സംസ്ഥാനത്തിന് മോശം പ്രതിച്ഛായയുണ്ടാക്കാനും സംരംഭകരെ പിന്തിരിപ്പിക്കാനും നോക്കുകൂലി ഇടയാക്കുന്നുണ്ട്. മതനേതൃത്വത്തിന്റെ പിന്തുണയോടെ വലിയ ആൾക്കൂട്ടംതന്നെ നോക്കുകൂലിക്കുവേണ്ടി തിരുവനന്തപുരം ജില്ലയുടെ പലഭാഗത്തും രംഗത്തിറങ്ങി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത് അടുത്തിടെയാണ്. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളി-തൊഴിലുടമ ബന്ധം ശക്തമാക്കാനും വ്യവസായസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുമായി അവബോധനയജ്ഞം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇതിനകം പ്രചാരണപരിപാടി സംഘടിപ്പിച്ചുകഴിഞ്ഞു. ഈമാസം 26-നകം മറ്റുജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കും. എന്താണ് നോക്കുകൂലി, വാങ്ങിയാൽ എന്താണ് ശിക്ഷ, നോക്കുകൂലി വാങ്ങുന്നതുകാരണം സർക്കാരിനും പൊതുസമൂഹത്തിനുമുണ്ടാകുന്ന അപമാനം എന്നിവയെപ്പറ്റി ചുമട്ടുതൊഴിലാളികൾക്ക് അറിവു നൽകും. ജില്ലാ ലേബർ ഓഫീസർമാർ, തൊഴിൽനിയമങ്ങളെപ്പറ്റി അവഗാഹമുള്ളവർ എന്നിവരാണ് ക്ലാസ് നയിക്കുന്നത്. യന്ത്രവത്കരണത്തിലൂടെയും പുതിയ വ്യവസായങ്ങളിലൂടെയും ലഭ്യമാകുന്ന തൊഴിലവസരങ്ങളെപ്പറ്റിയും വിശദമാക്കും. ഏതെല്ലാം തൊഴിൽ തൊഴിലാളികൾക്കും യന്ത്രങ്ങളുപയോഗിച്ചും ചെയ്യാമെന്നതുസംബന്ധിച്ച് വ്യക്തതയും നൽകും. ചുമട്ടുതൊഴിലാളിക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന പൂൾ ലീഡർമാരാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. നോക്കുകൂലി സംബന്ധിച്ച ഇവരുടെ അഭിപ്രായങ്ങളും ശേഖരിക്കുന്നുണ്ട്.

തർക്കങ്ങൾ പരിഹരിക്കാൻ സംവിധാനം

: തൊഴിലുടമയും തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായാൽ തൊഴിലാളികൾക്ക് അത് ക്ഷേമബോർഡിനെ അറിയിക്കാം. അത് പരിഹരിക്കാൻ ബോർഡിന് സംവിധാനങ്ങളുണ്ട്‌. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

-സി.കെ.മണിശങ്കർ,

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ