പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേകപദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകി സുരക്ഷിതരാക്കാനാണ് ശ്രമിക്കുന്നത്. കനത്ത മഴയെത്തുടർന്ന് പലർക്കും ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയുണ്ടായി. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം പ്രധാനമാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്കെല്ലാം വാക്‌സിൻ ഉറപ്പാക്കും. ഇതിനായി ക്രമീകരണം ഏർപ്പെടുത്തിവരുന്നതായും മന്ത്രി വ്യക്തമാക്കി.

സ്ഥലസൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി വാക്‌സിൻ നൽകും. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൗകര്യമൊരുക്കും. മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കും. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കിൽ അവിടെയുള്ള ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.

ചിലയാളുകൾ നിശ്ചിതസമയംകഴിഞ്ഞും രണ്ടാം ഡോസെടുക്കാൻ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ.

ആദ്യഡോസ് വാക്‌സിനേഷൻ 94 ശതമാനം കഴിഞ്ഞു

വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേർക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേർക്ക് (1,25,59,913) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,77,12,343 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇനിയും ആദ്യഡോസ് വാക്‌സിൻ എടുക്കാനുള്ളവർ ഉടൻതന്നെ തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.