കോട്ടയം: സ്വയംസഹായസംഘങ്ങളിലെ വനിതകൾക്ക് പ്രതിവർഷം ഒരുലക്ഷം രൂപ സമ്പാദിക്കുന്നതിനുള്ള ഉപജീവന പദ്ധതി ഒരുങ്ങുന്നു. സംസ്ഥാനസർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്രഗ്രാമവികസന മന്ത്രാലയം രാജ്യത്തെ 6,768 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, തൊഴിൽ, വാണിജ്യ സംരംഭങ്ങളിലൂടെ രണ്ടുവർഷത്തിനുള്ളിൽ രണ്ടരക്കോടി വനിതകൾക്ക് ഒരുലക്ഷം രൂപ വാർഷിക വരുമാനത്തിനുള്ള വഴികളാണ് തേടുന്നത്.

ഇതിനായി, വിവിധ സംഘടനകൾ, കൃഷിവിജ്ഞാനകേന്ദ്രങ്ങൾ, സ്വകാര്യ വിപണി എന്നിവയുടെ പിന്തുണയോടെ ആവശ്യമായ പരിഷ്‌കാരങ്ങൾ സ്വയംസഹായസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നടപ്പാക്കണമെന്ന് സംസ്ഥാന ഗ്രാമവികസന, തദ്ദേശവകുപ്പുകളോട് കേന്ദ്ര മന്ത്രാലയം നിർദേശിച്ചിരിക്കുകയാണ്.

നിലവിൽ 70 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി 7.7 കോടി വനിതകളുണ്ട്. ബാങ്ക്‌ലിങ്കേജ് വായ്പകളുടെ പിന്തുണയോടെ തൊഴിൽ സംരംഭങ്ങൾ പ്രവർത്തിക്കുന്നു. സ്വാശ്രയസംഘങ്ങൾക്ക് നിലവിൽ ബാങ്കുകൾ വഴി പ്രതിവർഷം 8,000 കോടി രൂപ മൂലധന സഹായം നൽകുന്നു. എന്നാൽ, വ്യക്തമായ ആസൂത്രണമില്ലാത്തതിനാൽ നിശ്ചിത വരുമാനം നേടുന്നതിൽ പിന്നാക്കമാണ് സംഘങ്ങൾ.

വായ്പാസൗകര്യങ്ങളേർപ്പെടുത്തുന്നത് ദേശസാത്കൃത ബാങ്കുകളാണ്. നടപടിക്രമം ലഘൂകരിച്ച് മൂലധനം കണ്ടെത്താൻ വനിതകളെ സഹായിക്കണമെന്ന് ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ദീൻദയാൽ അന്ത്യോദയ യോജന, മഹിള കിസാൻ ശക്തീകര പരിയോജൻ തുടങ്ങിയവയും സ്വാശ്രയസംഘങ്ങളുടെ വരുമാനവർധനയ്ക്കായി നിലകൊള്ളും.

കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, വസ്ത്ര കരകൗശല ഉത്പന്നങ്ങൾ, കടകൾ തുടങ്ങിയവയാണ് വനിതകൾക്കായി നിർദേശിച്ചിട്ടുള്ളത്.