ചാലക്കുടി: ഷാർജയിൽനിന്ന് ബെംഗളൂരുവിലെത്തി അവിടെനിന്ന് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയവർ വീട്ടിലേക്ക് പോയത് കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസിൽ. കൊറോണസാധ്യത കണക്കിലെടുത്ത് വീടുകളിൽ നിരീക്ഷണം നിർദേശിക്കപ്പെട്ടവരാണ് ഇവർ. അങ്കമാലിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ ലോഫ്ളോർ ബസിൽ കയറിയ തൃപ്രയാർ, മണ്ണുത്തി സ്വദേശികളായ രണ്ടുപേരാണ് അധികൃതർക്കും പൊതുജനങ്ങൾക്കും തലവേദന സൃഷ്ടിച്ചത്.

ഇവരുടെ കൈകളിൽ കൊറോണ നിരീക്ഷണത്തിലാണെന്നുള്ള സീൽ പതിച്ചിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ ഇവർ വരുന്നതറിഞ്ഞ് അധികൃതർ ചാലക്കുടി സ്റ്റാൻഡിൽ കാത്തുനിന്ന് യാത്രക്കാരെ കണ്ടെത്തി. ബസിൽനിന്നിറക്കി ഡോക്ടറുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിനോടുചേർന്നുള്ള ഐസൊലേഷൻ വാർഡുകളിലേക്ക് തത്‌കാലത്തേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. കാറിലാണ് ഇവർ വിമാനത്താവളത്തിൽനിന്ന് അങ്കമാലിയിലെത്തിയത്. രാവിലെ നെടുമ്പാശ്ശേരി ഡൊമസ്റ്റിക്ക് എയർപോർട്ടിൽ എത്തിയ ഇവർക്ക് പനിയുണ്ടോ എന്ന പരിശോധന നടത്തിയിരുന്നു. പനിയില്ലാത്തതിനാൽ പോകാൻ അനുവദിച്ചു. എന്നാൽ ഇവർ നാട്ടിലേക്ക് എങ്ങനെയാണ് മടങ്ങുന്നതെന്ന് വിമാനത്താവള അധികൃതർ ശ്രദ്ധിച്ചില്ല.

കൈകളിൽ സീൽകണ്ട് ബസിലുണ്ടായിരുന്നവരാണ് കെ.എസ്.ആർ.സി. അധികൃതർക്ക് വിവരംനൽകിയത്. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരുമായി ബസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് അണുമുക്തമാക്കി യാത്ര തുടർന്നു. ഷാർജയിൽനിന്നെത്തിയ യാത്രക്കാർ നിന്നാണ് യാത്രചെയ്തിരുന്നത്. ഇവർക്ക് സമീപത്തുനിന്ന രണ്ടുയാത്രക്കാരെയും, ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.