കൊച്ചി: എ.ടി.എം. കൗണ്ടറുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന നിർദേശം നടപ്പാക്കാതെ ബാങ്കുകൾ. എ.ടി.എം. കൗണ്ടറുകളുടെ മുന്നിലും ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകൾ ആരംഭിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. എ.ടി.എം. മോണിറ്ററുകളിലും കീപാഡുകളിലും ടൈപ്പ്‌ചെയ്തശേഷം കൈകൾ വൃത്തിയാക്കുന്നതിനായാണ് ഇത്. എന്നാൽ, നിർദേശം നിലനിൽക്കെ ബാങ്കുകളോട് ചേർന്നുള്ള കൗണ്ടറുകൾ ഉൾപ്പടെയുള്ള ഭൂരിഭാഗം കൗണ്ടറുകളിലും സാനിറ്റൈസറുകൾ ലഭ്യമാകുന്നില്ല.

നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം

എല്ലാ കൗണ്ടറുകളിലും സാനിറ്റൈസർ വയ്ക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ പറഞ്ഞു.

അടഞ്ഞ കേന്ദ്രങ്ങളായതിനാൽ ഭീഷണിയുണ്ട്

എ.ടി.എം. കേന്ദ്രങ്ങൾ അടഞ്ഞ സ്ഥലങ്ങൾ വൈറസ്ബാധ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളാണ്. ഇവ ഉപയോഗിക്കുന്നവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ വൈറസ് ആ മുറിയിൽ മണിക്കൂറുകളോളം നിലനിൽക്കും. ഇവ ഉപയോഗിച്ചശേഷം കൈകൾ സാനിറ്റൈസ് ചെയ്യുന്നത് നിർബന്ധമാണ്.

-ഡോ. ദീപു സദാശിവൻ, ഇൻഫോ ക്ലിനിക് സഹസ്ഥാപകൻ