നെടുമ്പാശ്ശേരി: ദുബായിൽ നിന്നെത്തിയ ഏഴംഗ സംഘം സ്വന്തം വാഹനത്തിൽ വീടുകളിൽ പോകാൻ വാശിപിടിച്ചത് ബഹളത്തിനിടയാക്കി. ശനിയാഴ്ച രാവിലെ എമിറേറ്റ്‌സ് എയർലൈൻസ് വിമാനത്തിൽ എത്തിയ സംഘമാണ് ബഹളം വെച്ചത്. കാസർകോട്, വയനാട് ഭാഗങ്ങളിലേക്ക് പോകേണ്ടവരായിരുന്നു ഇവർ. ഇവരെ കൊണ്ടുപോകാൻ വിമാനത്താവളത്തിൽ വാഹനം എത്തിയിരുന്നു. ഇതിൽ പോകാൻ തയ്യാറായ ഇവരെ പോലീസ് തടഞ്ഞു.

വിദേശത്തുനിന്നും എത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. അതുകൊണ്ടാണ് പോലീസ് ഇവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കാതിരുന്നത്. തുടർന്ന് രണ്ട് ആംബുലൻസുകളിലായി ഇവരെ വീടുകളിൽ എത്തിച്ചു.

അന്താരാഷ്ട്ര ടെർമിനൽ ഇന്ന് ഒമ്പതരയ്ക്ക് അടയ്ക്കും

കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് അടയ്ക്കും. കോറോണ വ്യാപനം തടയാൻ ഒരാഴ്ചത്തേക്ക്‌ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കാൻ നിർദേശമുള്ളതിനാലാണിത്. ഒമ്പതരയ്ക്കുള്ള എമിറേറ്റ്‌സ് എയർലൈൻസിന്റെ കൊച്ചി-ദുബായ് വിമാനം പുറപ്പെട്ടശേഷമായിരിക്കും ടെർമിനൽ അടയ്ക്കുക. ആഭ്യന്തര സർവീസുകൾ പതിവുപോലെ നടക്കും.