കാഞ്ഞിരപ്പള്ളി: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂവലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുറന്ന് സ്വര്‍ണവും വെള്ളിയും മോഷ്ടിച്ചു. നാല് പവന്‍ സ്വര്‍ണവും രണ്ട് കിലോഗ്രാം വെള്ളിയുമാണ് മോഷ്ടിച്ചത്. പേട്ടക്കവലയില്‍ ഈരാറ്റുപേട്ട റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി ജൂവലറിയിലാണ് മോഷണം നടന്നത്. കടയ്ക്കുള്ളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ലോക്കര്‍ തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് ഉടമകള്‍ പറഞ്ഞു. ഉടമകളായ പി.വി.സുരേഷ് കുമാറും സഹോദരന്‍ പി.വി.ഗോപാലകൃഷ്ണനും തിങ്കളാഴ്ച രാവിലെ 10-ന് കട തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. ഷട്ടര്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന വാതില്‍ കൗണ്ടര്‍ മേശ വെച്ച് അടച്ചിട്ടനിലയിലുമായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയുടെ പിന്‍ഭാഗത്തെ ഭിത്തി ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ തുരന്നനിലയില്‍ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ചയാണ് അവസാനമായി കട തുറന്നത്. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ പട്ടണത്തിലും സമീപപ്രദേശങ്ങളിലും ആളുകള്‍ തീരെ കുറവായിരുന്നു. ഈ രണ്ട് ദിവസങ്ങളില്‍ രാത്രിയിലാകാം മോഷണം നടന്നതെന്ന് കരുതുന്നു. കടയ്ക്കുള്ളില്‍ നിന്നു ലിവറും കണ്ടെത്തിയിരുന്നു.

ടി.ശ്രീകുമാര്‍, പി.ജെ.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നായ ചേതക്കിനെ എത്തിച്ച് പരിശോധന നടത്തി. സമീപത്തെ ലോഡ്ജിന് പിന്‍വശത്ത് കൂടിയുള്ള പേട്ട വാര്‍ഡിലേക്കുള്ള ഇടവഴിയിലൂടെ 250 മീറ്ററോളം ദൂരം പോലീസ് നായ ഓടി. ഈരാറ്റുപേട്ട റോഡിന് സമീപത്തെ പേട്ട വാര്‍ഡ്- നൈനാര്‍ പള്ളി റോഡിലെത്തി പോലീസ് നായ നിന്നു. വിരലടയാള വിദഗ്‌ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കടയ്ക്കുള്ളില്‍ പരിശോധന നടത്തി.

കടയും പരിസരവുമായി പരിചയമുള്ളവരാകാം മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ സംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പരിശോധനയ്‌ക്കായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. മുന്‍പ് സമാനമായി നടന്ന മോഷണകേസുകളിലെ മോഷ്ടാക്കളെ ബന്ധപ്പെടുത്തി അന്വേഷണം നടത്തും. എ.എസ്.പി. എ.യു.സുനില്‍ കുമാര്‍, ഡിവൈ.എസ്.പി. എന്‍.സി. രാജ്‌മോഹന്‍, കാഞ്ഞിരപ്പള്ളി എസ്.ഐ. എല്‍ദോ പോള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മോഷണം നടന്നത് പോലീസ് പരിശോധനാകേന്ദ്രത്തിന് തൊട്ടടുത്ത്

മോഷണം നടന്നത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി പേട്ടക്കവലയില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്ന താത്കാലിക പരിശോധന കേന്ദ്രത്തിന് തൊട്ടുടുത്ത്. 50 മീറ്റര്‍ ദൂരം മാത്രമാണ് ജൂവലറിയും പരിശോധന കേന്ദ്രവുമായുള്ളത്. ഇവിടെ പോലീസും ഹോം ഗാര്‍ഡും രാത്രിയും പകലും പരിശോധനയ്ക്കായുണ്ട്. എന്നാല്‍ മോഷണം നടന്ന സമയം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മോഷണം നടന്ന കടയ്ക്ക് സമീപത്തെ വസ്ത്രവ്യാപാരശാല അടച്ചതും മോഷണത്തിന് എളുപ്പമായി. ഇവിടെ 24 മണിക്കൂറും സെക്യൂരിറ്റി ഉണ്ടായിരുന്നതിനാല്‍ സമീപത്തെ കടകളില്‍ സി.സി.ടി.വി. പോലും സ്ഥാപിച്ചിരുന്നില്ല.

മുപ്പത് വര്‍ഷത്തിനിടെ ആദ്യം

മുപ്പത് വര്‍ഷത്തോളമായി കട പ്രവര്‍ത്തിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ സംഭവം. രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. രണ്ട് ദിവസത്തിനുശേഷം കട തുറന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്.-പി.വി. സുരേഷ് കുമാര്‍, ഉടമ.