തിരുവനന്തപുരം: മരംമുറിക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെതിരേ ആദ്യ സമരത്തിലേക്ക് പ്രതിപക്ഷം കടക്കുന്നു. ജുഡീഷ്യൽ അന്വേഷണമോ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമോ ആവശ്യപ്പെട്ടാണിത്. വ്യാഴാഴ്ച എല്ലാ മണ്ഡലം കമ്മിറ്റികളും സംസ്ഥാന സർക്കാർ ഓഫീസുകൾക്കു മുന്നിൽ സമരം നടത്താനാണ് യു.ഡി.എഫ്. നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

വകുപ്പുകളും മന്ത്രിമാരും പരസ്പരം പഴിചാരുന്നതല്ലാതെ ഉത്തരവാദിത്വം ഏൽക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയിലെ മരംമുറിക്കാൻ അനുമതി നൽകുന്ന ഉത്തരവിറങ്ങിയത്. നിയമവിരുദ്ധമായതിനാലാണ് ഉത്തരവ് പിൻവലിച്ചത്. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.