തിരുവനന്തപുരം: ആത്മീയതയുമായോ ഏതെങ്കിലുമൊരു മതവുമായോ ബന്ധപ്പെടുത്തേണ്ടതല്ല, ആധുനിക യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതൊരു ആരോഗ്യ പരിപാലന രീതിയായി കാണണം. ആത്മീയമായോ മതപരമായോ യോഗയെ കണ്ടാൽ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭ്യമല്ലാതെ വരും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണം- മുഖ്യമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രോഗചികിത്സയെക്കാൾ പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദ രംഗത്തെ കുലപതിയായ ഡോ. പി.കെ. വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചു.

കേന്ദ്ര റീജണൽ ഔട്ട്‌റീച്ച് ബ്യൂറോ ജോ. ഡയറക്ടർ ഡോ. നീതു സോണ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, തിരുവനന്തപുരം ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ രാജ്, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുത്തു.