കൊച്ചി : ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യാശുപത്രികളുടെ ലേലംവിളിയിൽ കുടുങ്ങി ട്രാൻസ്‌ജെൻഡർ സമൂഹം. സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർനിയമങ്ങളില്ലാത്തതും സർക്കാർ ആശുപത്രിയിൽ ഇവർക്കുവേണ്ട സംവിധാനങ്ങളില്ലാത്തതുമാണ് തിരിച്ചടിയാകുന്നത്.

സർക്കാർ ആശുപത്രിയിൽ ഇവരുടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹികനീതി വകുപ്പിന് മൂന്നുവർഷംമുമ്പ് അപേക്ഷ സമർപ്പിച്ചെങ്കിലും നടപടിയായില്ല. സ്വകാര്യ ആശുപത്രികൾ തോന്നുംപോലെയുള്ള ചികിത്സച്ചെലവാണ് ഈടാക്കുന്നത്. അതിനാൽ ശസ്ത്രക്രിയ ആവശ്യമായവർപോലും പിന്മാറേണ്ട അവസ്ഥയാണെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് തൃപ്തി ഷെട്ടി പറഞ്ഞു. തമിഴ്‌നാട്ടിൽ സൗജന്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.

സംസ്ഥാനത്തെ ഡോക്ടർമാർക്ക് ഈ ശസ്ത്രക്രിയയെക്കുറിച്ച് കാര്യമായ അവബോധമില്ലെന്നും പരിശീലനം നടത്തുന്ന ലാഘവത്തിലാണ് അവർ പലപ്പോഴും പ്രവർത്തിക്കുന്നതെന്നും ട്രാൻസ്ജെൻഡർ സമൂഹം കുറ്റപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് സർക്കാർഫണ്ട് നൽകുന്നുണ്ടെങ്കിലും ബില്ല് സമർപ്പിക്കുമ്പോഴാണ് പണം ലഭിക്കുന്നത്. ഇതിനാൽ ശസ്ത്രക്രിയ നടത്താൻ മുൻകൂർ പണം സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. ഇക്കാരണത്താൽ പണമുള്ളവർക്കുമാത്രം ശസ്ത്രക്രിയ എന്ന അവസ്ഥയാണെന്ന് മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ -2021 ശ്രുതി സിത്താര പറഞ്ഞു.