കൊല്ലം : കുണ്ടറ പീഡനപരാതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി പരാതിക്കാരിയായ യുവതി. കേരളത്തിൽ സ്ത്രീകൾക്കനുകൂലമായ നടപടിയുണ്ടാകുന്നെന്നു പറയുന്ന മുഖ്യമന്ത്രി, മന്ത്രി എ.കെ.ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവമുണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നൽകുന്നതെന്നും യുവതി പറഞ്ഞു.

’കേരളത്തിൽ ഇതേ നടക്കൂ, സ്ത്രീകൾക്ക് ഇങ്ങനെയുള്ള സുരക്ഷയേ കിട്ടൂവെന്ന സന്ദേശമാണ് കൊടുക്കുന്നത്. ഇതല്ല പ്രതീക്ഷിച്ചത്. എനിക്ക് നല്ല വിഷമമുണ്ട്. തെറ്റുചെയ്ത മന്ത്രി ശശീന്ദ്രൻ രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്നു ചെയ്യാൻ പറ്റിയ പ്രവൃത്തിയല്ല അദ്ദേഹം ചെയ്തത്. മന്ത്രിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്‌.’-യുവതി കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയിൽ എൻ.സി.പി. സംസ്ഥാന നിർവാഹകസമിതി അംഗം ജി.പത്മാകരൻറെ പേരിൽ കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു. കുണ്ടറ എസ്.എച്ച്.ഒ. ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം നടന്നതായി ആരോപിക്കുന്ന ഹോട്ടലിലെയും സമീപ സ്ഥാപനങ്ങളിലെയും നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി പോലിസ് സംഘം വീട്ടിലെത്തിയെങ്കിലും പരാതിക്കാരി വീട്ടിലുണ്ടായിരുന്നില്ല.